‘വെറുപ്പിന്റെ ഫാക്ടറിയിൽ നിന്ന് സ്നേഹത്തിന്റെ കടയിലേക്ക്’ 

‘വെറുപ്പിന്റെ ഫാക്ടറിയിൽ നിന്ന് സ്നേഹത്തിന്റെ കടയിലേക്ക്’ 

പാലക്കാട്‌ : ബിജെപി നേതൃത്വവുമായി ഇടഞ്ഞ പാര്‍ട്ടി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക്. ഇന്ന് കെപിസിസി നേതൃത്വത്തിന്റെ വാർത്താസമ്മേളനം പാലക്കാട്‌ നടക്കുന്നതിനിടെയാണു മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ സന്ദീപ് വേദിയിലേക്ക് എത്തിയത്. കെ സുധാകരനും വിഡി സതീശനും ഷാൾ അണിയിച്ച് സ്വീകരിച്ചു. 

പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ഇനി നാലുദിവസം മാത്രം ശേഷിക്കേയാണ് ബിജെപി വിട്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സന്ദീപ് വെറുപ്പിന്റെ രാഷ്ട്രീയം ഉപേക്ഷിച്ചെന്നും ഒരു  ഉപാധികളും ഇല്ലാതെയാണ് കോൺഗ്രസ് പ്രവേശനം എന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

ബിജെപി വെറുപ്പ് ഉദ്പാദിപ്പിക്കുന്ന ഫാക്ചറിയാണെന്നും അവിടെ നിന്ന് സ്നേഹവും കരുതലും പ്രതീക്ഷിച്ചത് തന്റെ തെറ്റാണെന്നും സന്ദീപ് വാര്യർ.  ബിജെപി ഏകാധിപത്യ പ്രവണതയുള്ള സംഘടനയാണെന്നും ഇനി മുതൽ സ്നേഹത്തിന്റെ കടയിൽ ചേർന്ന് പ്രവർത്തിക്കുമെന്നും സന്ദീപ് വാര്യർ പറഞ്ഞു. 

ഒരു ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഒരു വർഷം കയ്യാലപ്പുറത്തിരുന്നു. മതസൗഹാർദം തകർക്കരുതെന്ന് പറഞ്ഞതിന്റെ പേരിൽ മാധ്യമങ്ങളിൽ നിന്ന് വിലക്കി. സിപിഎം- ബിജെപി ഒത്തിതീർപ്പിന്റെ രാഷ്ട്രീയത്തെ എതിർത്തതാണ് കാരണമെന്നും സന്ദീപ് ആരോപിച്ചു. 

കഴിഞ്ഞ കുറെ നാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു സന്ദീപ് വാര്യര്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വേദിയില്‍ ഇരിപ്പിടം നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഇറങ്ങിപ്പോയതോടെയാണ് സന്ദീപ് വാര്യര്‍ ബിജെപി വിടുന്നു എന്ന തരത്തില്‍ അഭ്യൂഹം ശക്തമായത്. തന്റെ വിഷമങ്ങള്‍ അറിയിച്ചപ്പോള്‍ അത് കണക്കിലെടുക്കാന്‍ പോലും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ തയ്യാറായില്ലെന്നും സന്ദീപ് വാര്യര്‍ തുറന്നടിച്ചു.

Leave a Reply

Your email address will not be published.