പാലക്കാട്: ബിജെപി വിട്ട സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തെ മാധ്യമങ്ങള്‍ മഹത്വവത്കരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സന്ദീപ് വാര്യര്‍ പാണക്കാട് പോയി സാദിഖലി ശിഹാബ് തങ്ങളെ കണ്ടു എന്ന വാര്‍ത്ത കണ്ടു. ലീഗ് അണികള്‍ ഇന്നലെ വരെ സന്ദീപ് വാര്യര്‍ സ്വീകരിച്ച നിലപാട് എന്താണെന്ന് നല്ലതുപോലെ അറിയുന്നവരാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് മേപ്പറമ്പില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വാര്‍ത്ത കണ്ടപ്പോള്‍ ബാബറി മസ്ജിദ് തകര്‍ത്ത ശേഷമുള്ള ഒറ്റപ്പാലം തെരഞ്ഞെടുപ്പ് ആണ് ഓര്‍മ വന്നത്. ബാബറി മസ്ജിദ് തകര്‍ത്തത് ആര്‍ എസ് എസ് നേതൃത്വത്തില്‍ ഉള്ള സംഘപരിവാര്‍ ആണ്. പക്ഷെ സംഘപരിവാറിന് ബാബറി മസ്ജിദ് തകര്‍ക്കുന്നതിന് ആവശ്യമായ എല്ലാ ഒത്താശയും ചെയ്തു കൊടുത്തത് അന്നത്തെ കോണ്‍ഗ്രസ് പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരുമാണ്. സ്വാഭാവികമായും മതനിരപേക്ഷ മനസ്സുള്ളവര്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉണ്ടായി.
ഇന്നലെ വരെ സന്ദീപ് എന്ത് നിലപാടാണ് സ്വീകരിച്ചതെന്ന് നല്ലത് പോലെ അറിയാവുന്നവരാണല്ലോ ലീഗ് അണികൾ ? അതിലുള്ള അമര്‍ഷവും പ്രതിഷേധവും പാണക്കാട് പോയി രണ്ട് വര്‍ത്തമാനം പറഞ്ഞാല്‍ ശമിപ്പിക്കാന്‍ കഴിയുമോ? എന്താണ് ഈ സന്ദര്‍ശനത്തിന്റെ പിന്നിലെന്ന് സ്വാഭാവികമായും മനസിലാക്കാന്‍ കഴിയും. ഇത് യുഡിഎഫ് ചെന്നുപെട്ടിട്ടുള്ള ഗതികേടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുമ്പത്തെ പാണക്കാട് തങ്ങളെ എല്ലാവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാളാണ്. ഇപ്പോഴത്തെ സാദിഖലി തങ്ങളെപ്പോലെയല്ല. സാദിഖലി തങ്ങള്‍ ജമാത്തെ ഇസ്ലാമിയുടെ ഒരു അനുയായിയുടെ മട്ടില്‍ പെരുമാറുന്നയാളാണെും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
Leave a Reply