ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിങ് 70,000 പേർക്ക് മാത്രം; ആശങ്കകൾ വേണ്ടെന്ന് ദേവസ്വം ബോർഡ്

ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിങ് 70,000 പേർക്ക് മാത്രം; ആശങ്കകൾ വേണ്ടെന്ന് ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചപ്പോൾ പ്രതിദിന ബുക്കിങ് 70,000 പേർക്ക് മാത്രം. പ്രതിദിനം 80,000 പേർക്ക് ഓൺലൈനായി ബുക്ക് ചെയ്യാനാകും എന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. കഴിഞ്ഞ വർഷവും 70000പേർക്കായിരുന്നു വെർച്വൽ ക്യൂവിലൂടെ പ്രതിദിന ബുക്കിങ്. ഇതേ രീതിതന്നെയാണ് ഇത്തവണയും അനുവർത്തിക്കുക. 70,000 പേരുടെ ബുക്കിങ് കഴിഞ്ഞശേഷം 10,000 പേർക്ക് സ്‌പോട്ട് ബുക്കിങ് നൽകാനാണോ ദേവസ്വം ബോർഡ് തീരുമാനം എന്നതിൽ വ്യക്‌തത വന്നിട്ടില്ല.

80,000 പേരെ ഒരു ദിവസം അനുവദിക്കുന്ന കാര്യത്തിൽ കൂടിയാലോചനകൾക്ക് ശേഷം തീരുമാനിക്കുമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി. ശബരിമലയിൽ എത്തുന്ന ഭക്തരാരും തിരിച്ചു പോകില്ലെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി.

ഇത്തവണ വെർച്വൽ ക്യൂ ബുക്കിങ് മാത്രമേ ഉണ്ടാവുകയുള്ളു എന്ന തീരുമാനം സർക്കാർ ആദ്യം കൈകൊണ്ടെങ്കിലും രാഷ്ട്രീയ പാർട്ടികൾ ഇതിനെതിരെ ഏറ്റുപിടിച്ചതോടെ വൻ വിമർശനങ്ങൾക്ക് വഴിതെളിക്കുകയായിരുന്നു. ഇതോടെ സർക്കാർ അയഞ്ഞു. ശബരിമലയിൽ സ്‌പോട്ട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചു. നിയമസഭയിൽ വി ജോയിയുടെ സബ്മിഷനു മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താതെയും ഈ സമ്പ്രദായത്തെക്കുറിച്ച് അറിയാതെയും എത്തുന്ന തീർഥാടകർക്കും സുഗമമായ ദർശനത്തിനുള്ള സൗകര്യം സർക്കാർ ഉറപ്പുവരുത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്.

Leave a Reply

Your email address will not be published.