റോഡ് നിർമാണത്തിൽ അത്ഭുതമാകാനൊരുങ്ങി വട്ടപ്പാറ

റോഡ് നിർമാണത്തിൽ അത്ഭുതമാകാനൊരുങ്ങി വട്ടപ്പാറ

മലപ്പുറം: ജില്ലയുടെ മുഖച്ഛായ തന്നെ മാറ്റാനൊരുങ്ങുകയാണ് വളാഞ്ചേരി ബൈപ്പാസ്. പ്രദേശത്തെ പ്രധാന സ്ഥിരം അപകട മേഖലയായ വട്ടപ്പാറ വളവിനെ പൂർണമായും ഒഴിവാക്കിക്കൊണ്ടാണ് വളാഞ്ചേരി ബൈപ്പാസ് എന്ന അത്യദ്ഭുതം യാതാര്‍ത്ഥ്യമാകുന്നത്.

സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ വയഡക്റ്റ് ആണ് മലപ്പുറം ജില്ലയിലെ വളാഞ്ചേരി ബൈപാസിൽ പൂർത്തികരണത്തോട് അടുക്കുന്നത്. സമതലം അല്ലാത്ത പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആകാശപ്പാതയായ വയഡക്റ്റാണ് ഇവിടെ നിർമ്മിക്കുന്നത്. നാല് കിലോമീറ്ററിലധികം വരുന്ന പുതിയ പാതയില്‍ രണ്ട് കിലോമീറ്ററോളം വയഡക്റ്റാണ് എന്നതാണ് ശ്രദ്ധേയം.

വട്ടപ്പാറ വളവും വളാഞ്ചേരി നഗരവും പൂർണമായും ഒഴിവാക്കിയാണ് പുതിയ ബൈപ്പാസ് നിർമ്മിക്കുന്നത്. വയലുകൾക്കും തോടുകൾക്കും മുകളിലൂടെയാകും പാത കടന്നുപോകുക. ഇതോടെ വളാഞ്ചേരി ടൗണിലെ കുരുക്കും ഒഴിവാകും.

കേരളത്തിൽ ആദ്യമായിരിക്കും ഇത്രയും വലിയ വയഡക്റ്റ്. ഇതുൾപ്പടെ പല റെക്കോർഡുകളും ഈ സൂപ്പർ റോഡിനെ കാത്തിരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. ദേശീയപാതാ വികസനത്തിൽ മലപ്പുറത്തെ ഏറ്റവും വലിയ പ്രൊജക്ട്റ്റാണിത്. 130 ബിയറിംഗുകളോളം വരും ഈ വയഡക്റ്റിൽ. ഏറ്റവും വലിയ ബിയറിംഗിന്‍റെ ഉയരം 32 മീറ്റർ ആയിരക്കുമെന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്. ഇവിടെ നിലവിൽ ഗർഡർ, കോൺക്രീറ്റ് പണികൾ യുദ്ധ കാലടിസ്ഥാനത്തിൽ പുരോഗമിക്കുന്നു. ആറുവരി പാതയിൽ വയഡക്റ്റിന് പുറമേ ചെറുപാലങ്ങളും അടിപ്പാതകളും നിർമിക്കും. 

വയഡക്റ്റ് എന്നാൽ എന്ത്?

നീളമുള്ള എലവേറ്റഡ് റെയിൽവേയെയോ റോഡിനെയോ പിന്തുണയ്ക്കുന്ന കമാനങ്ങളോ തൂണുകളോ നിരകളോ അടങ്ങുന്ന ഒരു പ്രത്യേക തരം പാലമാണ് വയഡക്റ്റ് . സാധാരണഗതിയിൽ, ഒരു വയഡക്ട് ഏകദേശം തുല്യമായ ഉയരത്തിലുള്ള രണ്ട് പോയിൻ്റുകളെ ബന്ധിപ്പിക്കുന്നു.  ഇത് വിശാലമായ താഴ്‌വര, റോഡ്, നദി അല്ലെങ്കിൽ മറ്റ് താഴ്ന്ന ഭൂപ്രകൃതി സവിശേഷതകളും തടസ്സങ്ങളും കുറുകെ നേരിട്ട് ഓവർപാസ് അനുവദിക്കുന്നു. ലാറ്റിനിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് വയഡക്റ്റ് എന്ന പദം. റോഡ് എന്നും നയിക്കുക എന്നുമൊക്കെയാണ് അർത്ഥം. സാധാരണ പാലങ്ങൾ നിർമ്മിക്കുന്നതിനെക്കാള്‍ മൂന്നുമടങ്ങ് ചെലവു വരും വയഡക്റ്റ് നിർമ്മിക്കാൻ. എന്നാൽ പ്രകൃതിക്ക് കാര്യമായ ദോഷം വരില്ല എന്ന ഗുണം ഉണ്ട്.

 തെക്കൻ ഫ്രാൻസിലെ വിശാലമായ ചതുപ്പുനിലങ്ങൾ മുറിച്ചുകടന്ന പോണ്ട് സെർമെ ആയിരുന്നു പുരാതന കാലത്തെ ഏറ്റവും നീളമേറിയ വയഡക്റ്റ് .

Leave a Reply

Your email address will not be published.