പാലക്കാട്: എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി. സരിന്റെ ഹസ്തദാനം നിരസിച്ചതിൽ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിൽ.
കൈ വേണ്ടെന്ന് പറഞ്ഞവരൊക്കെ എന്തിനാ ഇപ്പോള്‍ കൈക്ക് വേണ്ടി കരയുന്നതെന്നും കൊടകര കുഴൽപ്പണ കേസ് പാലക്കാട് ചർച്ചയാകില്ലെന്ന സരിന്റെ പരാമർശം ബിജെപിയെ സഹായിക്കാനാണെന്നും രാഹുൽ പ്രതികരിച്ചു.
കുടുംബത്തിലെ എല്ലാ ആനുകൂല്യങ്ങളും പറ്റി, കുടുംബത്തിന് എതിരെ തിരിയുന്നവരുടെ അഭ്യാസ പ്രകടനങ്ങളിൽ പ്രതികരിക്കാൻ ആവില്ല. മാധ്യമങ്ങൾക്ക് മുൻപിലെ ചീപ് ഷോയ്ക്കു നിന്നുകൊടുക്കാൻ തനിക്ക് കഴിയില്ലെന്നും രാഹുൽ.
കൊടകര കുഴൽപ്പണ കേസ് പാലക്കാട് ചർച്ചയാകില്ലെന്ന ഇടത് മുന്നണി സ്ഥാനാർത്ഥി സരിന്റെ പരാമർശം ബിജെപിയെ സഹായിക്കാനാണ്. കൊടകര ചർച്ചയായാൽ അത് ബാധിക്കുക ബിജെപിയെ ആണ്. ഈ കാര്യം മനസിലാക്കിയാണ് സരിൻ കൊടകര ചർച്ചയാകില്ലെന്നു പറയുന്നത്. സി കൃഷ്ണകുമാർ കൊടകര ചർച്ചയാകില്ലെന്നു പറഞ്ഞാൽ അതിൽ യുക്തിയുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
“ഇതേത് മുന്നണിയുടെ സ്ഥാനാർത്ഥിയാ? ഞാൻ വിചാരിച്ചു ബിജെപി സ്ഥാനാർത്ഥി പറഞ്ഞതാണെന്ന്. ഇവരൊക്കെയാണോ പാലക്കാട് എന്തെല്ലാം ചർച്ച ചെയ്യുമെന്ന് തീരുമാനിക്കുന്നത്? ഇവരിട്ട് കൊടുക്കുന്ന ഒന്ന് രണ്ട് വിവാദങ്ങൾ മാത്രമേ ചർച്ചയാവൂ എന്നാണ് ഇവരുടെ വിചാരം. ഇവിടെ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന സിപിഎം – ബിജെപി അവിശുദ്ധ ബന്ധം ചർച്ചയാവും. കൊടകര കുഴൽപ്പണ കേസിന്റെ ആദ്യ അന്വേഷണത്തിന് എന്തു സംഭവിച്ചു? കൊടകരയും ചർച്ചയാവും സിപിഎം – ബിജെപി ഒത്തുതീർപ്പും ചർച്ചയാവും”- രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
Leave a Reply