പിപി ദിവ്യയ്ക്ക് ജാമ്യമില്ല

പിപി ദിവ്യയ്ക്ക് ജാമ്യമില്ല

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പിപി ദിവ്യയ്ക്ക് ജാമ്യമില്ല. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി നിസാര്‍ അഹമ്മദാണ് വിധി പ്രസ്താവിച്ചത്.

എഡിഎമ്മിനെ അപമാനിക്കാനും അപഹസിക്കാനും ശ്രമിച്ചെന്ന് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവിൽ പറയുന്നു. തന്റെ സഹപ്രവർത്തക്കാരുടെയും ജീവനക്കാരുടെയും മുന്നിൽ അപമാനിതനായതിൽ മനം നൊന്ത് മറ്റു വഴികൾ ഇല്ലാതെയാണ് എഡിഎം ജീവനൊടുക്കിയത്. ആസൂത്രിതമായാണ് ദിവ്യ തന്നെ ക്ഷണിക്കാത്ത പരിപാടിയിലെത്തിയത്. ദിവ്യയുടെ പങ്ക് വ്യക്തമാണെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് കോടതി ഉത്തരവിൽ നിരീക്ഷിച്ചിട്ടുണ്ട്. കുടുംബത്തിലെ ഉത്തരവാദിത്തം ജാമ്യം നൽകാൻ കാരണമല്ല. ക്ഷണിക്കാതെയാണ് ദിവ്യ പരിപാടിയിൽ പങ്കെടുത്തതെന്ന പ്രൊസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. പ്രതി ഭാഗം ഹാജരാക്കിയ സിഡിയിൽ പ്രസംഗം ഭാഗികമായി മറച്ചുവെച്ചെന്ന വാദവും കോടതി അംഗീകരിച്ചെന്ന് 38 പേജ് ഉള്ള വിധിപ്പകർപ്പിൽ വ്യക്തമാകുന്നു. ജാമ്യത്തിനുള്ള വാദം തെളിയിക്കാൻ പ്രതിഭാഗത്തിന് സാധിച്ചില്ലെന്നും ഇതിലുണ്ട്.


ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം മണിക്കൂറുകളോളം നീണ്ട വാദമാണ് നടന്നത്. നവീന്‍ ബാബുവിനെ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പിപി ദിവ്യ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം കോടതിയില്‍ പറഞ്ഞു.

എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ ദിവ്യ ആസൂത്രിതമായി എത്തി വ്യക്തിഹത്യ നടത്തി. എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യക്കെതിരായ പ്രേരണാക്കുറ്റം നിലനില്‍ക്കുമെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

നവീൻ ബാബു മരിച്ച്‌ പതിനഞ്ചാം ദിവസമാണ് ദിവ്യയുടെ കോടതി വിധി. നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെയെടുത്ത കേസില്‍ ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് പൊലീസ് ദിവ്യക്കെതിരെ ചുമത്തിയത്. ആഗ്രഹിച്ച വിധിയെന്ന് നവീൻ ബാബുവിന്റെ കുടുംബം പ്രതികരിച്ചു.

Leave a Reply

Your email address will not be published.