പാലക്കാട്: തെരഞ്ഞെടുപ്പ് ചൂടിൽ ആവേശക്കടലായി പാലക്കാട്, മണ്ഡലത്തില്‍ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം. തെരഞ്ഞെടുപ്പ് വിജ്ഞാപനം മുതല്‍ ട്വിസ്റ്റുകളുടെ ഘോഷയാത്രയാൽ, പാലക്കാട് കളം നിറച്ച പോലെ കളറായി തന്നെയായിരുന്നു ഒടുക്കവും. ഇനി നാളത്തെ നിശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാൾ പാലക്കാടൻ ജനത തങ്ങളുടെ ജനപ്രതിനിധിക്കായി വിധിയെഴുതും.
യുഡിഎഫ്, എൽഡിഎഫ്, ബിജെപി മുന്നണികളുടെ ആയിരക്കണക്കിന് പ്രവർത്തകരാണ് കൊട്ടിക്കലാശത്തിൽ പങ്കാളികളായത്. വൈകിട്ട് നാലോടെയാണ് ബിജെപിയുടെയും യുഡിഎഫിന്‍റെയും എൽഡിഎഫിന്‍റെയും റോഡ് ഷോ ആരംഭിച്ചത്. സരിന് വേണ്ടി മന്ത്രി എംബി രാജേഷും ജില്ലാ സെക്രട്ടറിയും രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി നടൻ രമേശ് പിഷാരടി, മുനവ്വറലി തങ്ങൾ, ഷാഫി പറമ്പിലുൾപ്പെടെയുള്ളവരും സി കൃഷ്ണകുമാറിന് വേണ്ടി കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രനുമുൾപ്പെടെയുള്ള നേതാക്കളും കൊട്ടിക്കലാശത്തിൽ പങ്കെടുത്തു. പാലക്കാട് കോട്ടമൈതാനത്ത് നടന്ന കൊട്ടിക്കലാശത്തിൽ വൻജനാവലിയാണ് എത്തിയത്. നീല ട്രോളി ബാഗുമായിട്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ കലാശക്കൊട്ടിനെത്തിയത്. പാലക്കാട് സ്റ്റേഡിയം പരിസരത്തായിരുന്നു സമാപനം. കലാശക്കൊട്ടു നടക്കുന്നതിനാല്‍ 6.30 വരെ പാലക്കാട് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയി പി. സരിന്‍ ഇടതുസസ്ഥാനാര്‍ഥിയായത്, സിപിഎം ഉയര്‍ത്തിയ നീലട്രോളി വിവാദം, ബിജെപിയോട് അകന്ന സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശം അടക്കം ഒട്ടേറെ ട്വിസ്റ്റുകൾക്കാണ് ഈ കാലയളവിൽ പാലക്കാട് സാക്ഷിയായത്.
Leave a Reply