വിജയ രഥത്തിലേറി 

വിജയ രഥത്തിലേറി 

പാലക്കാട് : ആദ്യം കിതച്ചും പിന്നീട് കുതിച്ചും
രാഹുൽ മാങ്കൂട്ടത്തലിന്റെ മുന്നേറ്റത്തിന് ഒടുവിൽ പാലക്കാട്‌ വിജയ രഥത്തിലേറി യുഡിഎഫ്. 18,840 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ വിജയിച്ചത്.

ആദ്യഘട്ടത്തിൽ, പതിവുപോലെ എൻ.ഡി.എ സ്ഥാനാർഥി സി.കൃഷ്ണകുമാറിന്റെ നഗരസഭാ മുന്നേറ്റത്തിന് മുന്നിൽ രാഹുൽ മാങ്കൂട്ടം ഒപ്പമെത്താൻ കിതച്ചെങ്കിലും പിന്നീട് ലീഡുയർത്തുന്ന കാഴ്ചയാണ് കണ്ടത് .

പാലക്കാട് നിയമസഭാ മണ്ഡലം പുനർനിർണയത്തിനുശേഷം നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലേതിനെക്കാൾ ഭൂരിപക്ഷം കുത്തനെ ഉയർത്തിയാണ് രാഹുലിന്റെ കുതിപ്പ്. 2011ല്‍ നടന്ന തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിന് ലഭിച്ചത് 7403 വോട്ടുകളുടെ ഭൂരിപക്ഷമാണ്. 2016ൽ ഷാഫി ഇത് 17,483 ആയി ഉയർത്തി. 2021ൽ നടന്ന തിരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരത്തിനൊടുവിൽ ഷാഫിയുടെ ഭൂരിപക്ഷം 3859 ആയി കുറഞ്ഞു. ഈ ഭൂരിപക്ഷമാണ് ഷാഫിയുടെ പിൻഗാമിയായെത്തിയ രാഹുൽ ഇപ്പോൾ 18000ത്തിലേറെയായി ഉയർത്തിയത്.

ബിജെപിക്കാണ് കനത്ത തിരിച്ചടിയേറ്റത്. പാലക്കാട് ലോക്സഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്ന സി കൃഷ്ണകുമാറിനെ നിയമസഭ ഉപതിരഞ്ഞെടുപ്പിലിറക്കി നേട്ടമുണ്ടാക്കാമെന്ന ബി ജെ പിയുടെ പ്രതീക്ഷകൾക്ക് വലിയ പ്രഹരമാണ് ഏറ്റത്. എ ക്ലാസ് എന്ന് ബി ജെ പി കരുതുന്ന മണ്ഡലത്തിൽ ഒറ്റയടിക്ക് പതിനായിരത്തോളം വോട്ടുകളാണ് കുറഞ്ഞത്. പാലക്കാട്ടെ താമരക്കോട്ടകളിൽ രാഹുൽ മാങ്കൂട്ടത്തിൽ കടന്നുകയറിയതോടെ 9626 വോട്ടുകളാണ് ഒറ്റയടിക്ക് ബി ജെ പിക്ക് നഷ്ടമായത്. 

സരിന്‍റെ വരവ് ഇടത് മുന്നണിക്ക് നേട്ടമായി എന്നാണ് വിലയിരുത്തലുകൾ. കഴിഞ്ഞ തവണത്തേക്കാൾ രണ്ടായിരത്തഞ്ഞൂറോളം വോട്ടുകൾ അധികം നേടാൻ സരിനിലൂടെ എൽഡിഎഫിന് സാധിച്ചു. കഴിഞ്ഞ തവണ എൽഡിഎഫിന് 35,622 വോട്ടുകളായിരുന്നെങ്കിൽ ഇക്കുറി 37,458 വോട്ടുകളാണ് ഇടത് പെട്ടിയിൽ വീണത്. ബി ജെ പിയുമായുള്ള അന്തരം കേവലം 2071 വോട്ടുകളിലേക്ക് എത്തിക്കാനും സരിനിലൂടെ എൽഡിഎഫിന് സാധിച്ചു. 

Leave a Reply

Your email address will not be published.