പി. വിജയൻ ഇനി മുതൽ സംസ്ഥാന ഇന്റലിജൻസ് വിഭാഗം മേധാവി

പി. വിജയൻ ഇനി മുതൽ സംസ്ഥാന ഇന്റലിജൻസ് വിഭാഗം മേധാവി

തിരുവനന്തപുരം: മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ എഡിജിപി പി. വിജയനെ സംസ്ഥാന ഇന്റലിജൻസ് വിഭാഗം മേധാവിയായി നിയമിച്ചു. ഇന്റലിജൻസ് വിഭാഗം മേധാവി മനോജ് എബ്രഹാം ക്രമസമാധാന ചുമതലയിലേക്ക് മാറിയതോടെയാണ് പകരം പി വിജയനെ നിയമിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് സർക്കാർ ഇന്ന് ഉത്തരവിറങ്ങി. എ. അക്ബറിനെ പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു.


എലത്തൂര്‍ ട്രെയിനിലെ തീവയ്പ് കേസിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്ന എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പി വിജയനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാൽ, എംആര്‍ അജിത് കുമാറിന്‍റെ കണ്ടെത്തൽ അന്വേഷണത്തിൽ തള്ളിയിരുന്നു. തുടര്‍ന്ന് പി വിജയനെ സര്‍വീസിൽ തിരിച്ചെടുക്കുകയായിരുന്നു. സര്‍വീസിൽ തിരിച്ചെടുത്ത ഉദ്യോഗസ്ഥനാണിപ്പോള്‍ നിര്‍ണായക പദവിയിലെത്തുന്നത്. ആരോപണ വിധേയനായ എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയതോടെയാണ് ഇന്‍റലിജന്‍സ് വിഭാഗം മേധാവിയായിരുന്ന മനോജ് എബ്രഹാമിന് പകരം ചുമതല നൽകുന്നത്.

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ആദ്യ നോഡല്‍ ഓഫീസറായിരുന്നു. ശബരിമല പുണ്യപൂങ്കാവനം പദ്ധതിയിലും പി വിജയന്റെ നേതൃത്വത്തിലായിരുന്നു നടപ്പാക്കിയത്. കോഴിക്കോട് സ്വദേശിയാണ്.

Leave a Reply

Your email address will not be published.