97-ാമത് ഓസ്കർ നോമിനേഷൻ പ്രഖാപിച്ചപ്പോൾ പ്രതീക്ഷയോടെ കത്തിരുന്നവർക്ക് നിരാശ. ഓസ്കറിന്റെ പ്രഥമ പരിഗണന പട്ടികയിൽ ഇടം നേടിയിരുന്ന ആടുജീവിതം, കങ്കുവ, ഓൾ വീ ഇമാജിൻ അസ് ലൈറ്റ് എന്നീ ചിത്രങ്ങൾ പുറത്ത്. ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ പ്രിയങ്ക ചോപ്രയും ഗുനീത് മോങ്കയും നിർമിച്ച ഇന്ത്യൻ അമേരിക്കൻ ഷോർട്ട് ഫിലിം ‘അനുജ’ ഇടം പിടിച്ചു.
അമേരിക്കൻ- ഹിന്ദി ഹ്രസ്വ ചിത്രമാണ് അനുജ. സജ്ദ പത്താൻ, അനന്യ ഷാൻഭാഗ്, നാഗേഷ് ബോൻസ്ലെ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നത്. മൂത്ത സഹോദരി പാലക്കിനൊപ്പം ഒരു വസ്ത്ര നിർമാണ ഫാക്ടറിയിൽ ജോലി ചെയ്യുന്ന ഒമ്പത് വയസുകാരിയുടെ കഥയാണ് ചിത്രം പറയുന്നത്. ലോകമെമ്പാടുമുള്ള പെൺകുട്ടികളുടെ പോരാട്ടങ്ങളുടെ പ്രതിഫലനം കൂടിയാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നത്.
ഫ്രഞ്ച് ചിത്രം എമിലിയ പരേസ് 14 നോമിനേഷനുകളിൽ ഇടംപിടിച്ചിട്ടുണ്ട്. ഹോളിവുഡ് ഫാന്റസി ചിത്രമായ വിക്കെഡും നാമനിർദേശത്തിൽ തിളങ്ങി. എമിലിയ പരേസിലൂടെ മികച്ച നടിയായി മത്സരിക്കുന്ന കാർല സോഫിയ ഗാസ്കോൺ ഓസ്കർ നോമിനേഷൻ നേടുന്ന ആദ്യ ട്രാൻസ് അഭിനേതാവ് ആയും മാറി.
പത്ത് നോമിനേഷനുകളുമായി ഹോളിവുഡ് മ്യൂസിക്കൽ ഫാന്റസി ചിത്രം വിക്കെഡ് ആണ് തൊട്ടു പുറകിൽ. അഭിനേതാക്കളായ ബോവൻ യാങ്ങും റേച്ചൽ സെന്നോട്ടും ചേർന്നാണ് നാമനിർദേശങ്ങൾ പ്രഖ്യാപിച്ചത്. ലൊസാഞ്ചലസിലെ കാട്ടുതീയിൽ ദുരിതമനുഭവിക്കുന്നവരെ സ്മരിച്ചു കൊണ്ടായിരുന്നു ചടങ്ങുകൾക്ക് തുടക്കമായത്.

Leave a Reply