ജമ്മു കശ്മീരിൻ്റെ മുഖ്യമന്ത്രിയായി ഒമർ അബ്ദുള്ള ചുമതലയേറ്റു

ജമ്മു കശ്മീരിൻ്റെ മുഖ്യമന്ത്രിയായി ഒമർ അബ്ദുള്ള ചുമതലയേറ്റു

ശ്രീനഗർ: കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിൻ്റെ ആദ്യ മുഖ്യമന്ത്രിയായി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡൻ്റ് ഒമർ അബ്ദുള്ള. കശ്മീരിനുള്ള പ്രത്യേക അധികാരം എടുത്തുമാറ്റിയതിനു ശേഷമുള്ള ആദ്യ മുഖ്യമന്ത്രിയായാണ് ഒമർ ചുമതലയേറ്റത്. ഇത് രണ്ടാം തവണയാണ് ഒമർ മുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കുന്നത്.


നൗഷേര എംഎൽഎ സുരീന്ദർ ചൗധരി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു, മുതിർന്ന എൻസി നേതാവും ഡിഎച്ച് പോരയിൽ നിന്നുള്ള എംഎൽഎയുമായ സക്കീന ഇറ്റൂവും മന്ത്രിസഭയിൽ ഉൾപ്പെടുത്തി. ഇവർക്കൊപ്പം എൻസിയുടെ മെന്ധർ എംഎൽഎ ജാവേദ് റാണ, എംഎൽഎ റഫിയാബാദ് ജാവേദ് ദാർ, സ്വതന്ത്ര എംഎൽഎ സതീഷ് ശർമ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. മൂന്ന് മന്ത്രിമാരെ കൂടി മന്ത്രി സഭയിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


മന്ത്രിസഭയിൽ കോൺഗ്രസ് അം​ഗങ്ങളില്ല. മന്ത്രിസ്ഥാനത്തെ ചൊല്ലിയുളള ഭിന്നതയാണ് കാരണം. കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനം മാത്രമാണ് നാഷണൽ കോൺഫറൻസ് വാഗ്ദാനം ചെയ്തത്. മത്സരിച്ച 57 സീറ്റുകളിൽ 47 എണ്ണത്തിലും നാഷണൽ കോൺഫറൻസ് വിജയിച്ചിരുന്നു. ഇന്ത്യാ സഖ്യത്തിന്റെ ഭാ​ഗമായി 32 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് വിജയിക്കാനായത് ആറ് സീറ്റിൽ മാത്രമാണ്. സർക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കുമെന്ന് കോൺ​ഗ്രസ് വ്യക്തമാക്കി.


സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, സമാജ്‌വാദി പാർട്ടി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ്, എൻസിപി നേതാവ് സുപ്രിയ സുലെ, ഇടത് നേതാവ് ഡി രാജ എന്നിവരുൾപ്പെടെ ഇന്ത്യൻ സഖ്യകക്ഷി അംഗങ്ങൾ പങ്കെടുത്തു. നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ സർക്കാർ രൂപീകരണത്തിന് വേണ്ടി ജമ്മു കശ്മീരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ചിരുന്നു. ഞായറാഴ്ച രാത്രിയാണ്‌ രാഷ്‌ട്രപതി ദ്രൗപതി മുർമു ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഒപ്പിട്ടത്.

“ജമ്മു കശ്മീരിൻ്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ഒമർ അബ്ദുള്ള ജിക്ക് അഭിനന്ദനങ്ങൾ. ജനങ്ങളെ സേവിക്കുന്നതിനുള്ള അദ്ദേഹത്തിൻ്റെ ശ്രമങ്ങൾക്ക് ഏറ്റവും മികച്ചത് ആശംസിക്കുന്നു. ജമ്മു കശ്മീരിൻ്റെ പുരോഗതിക്കായി കേന്ദ്രം അദ്ദേഹത്തോടും അദ്ദേഹത്തിൻ്റെ ടീമിനോടും ചേർന്ന് പ്രവർത്തിക്കും, ”എക്‌സിലെ പോസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ജനപ്രതിനിധികൾക്ക് ആശംസ അർപ്പിച്ചു.

Leave a Reply

Your email address will not be published.