തിരുവനന്തപുരം: ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് നഴ്സിങ് വിദ്യാർഥിനി വീണു മരിച്ച സംഭവത്തിൽ അന്വേഷണം നടത്താന്‍ ആരോഗ്യ സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട എസ്എംഇ കോളജ് ഓഫ് നഴ്സിങ്ങിലെ നാലാം വർഷ നഴ്സിങ് വിദ്യാർഥിനി അമ്മു സജീവ് (21) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയതോടെയാണ് നടപടി.
അയിരൂപ്പാറ രാമപുരത്തുപൊയ്കയിൽ ശിവം വീട്ടിൽ സജീവിന്റെയും രാധാമണിയുടെയും മകളായ അമ്മു കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് പത്തനംതിട്ടയിലെ സ്വകാര്യ വനിതാ ഹോസ്റ്റലിന്റെ മുകളിൽനിന്നു വീണു മരിച്ചത്. സഹപാഠികളിൽ ചിലരുടെ മാനസികവും ശാരീരികവുമായ പീഡനമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഒപ്പം പഠിക്കുന്ന 2 വിദ്യാർഥിനികൾ ഹോസ്റ്റലിൽ വച്ച് മാനസികമായി ഉപദ്രവിച്ചിരുന്നതായി അമ്മു നേരത്തേ പരാതി നൽകിയിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. ഇത് സംബന്ധിച്ച് സജീവ് പ്രിൻസിപ്പലിനു പരാതി നൽകുകയായിരുന്നു.
മരിച്ച അന്നു വൈകിട്ട് 4ന് അമ്മു മാതാപിതാക്കളെയും സഹോദരൻ അഖിലിനെയും വിളിച്ചിരുന്നു. സംസാരത്തിൽ അസ്വാഭാവികത ഇല്ലായിരുന്നെന്നാണ് കുടുംബം പറയുന്നത്. കോഴ്സ് തീരാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ അമ്മു ജീവനൊടുക്കാൻ സാധ്യതയില്ലെന്നും വീട്ടുകാർ പറഞ്ഞു. സംഭവത്തിൽ കോളജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും മൊഴി പത്തനംതിട്ട പൊലീസ് രേഖപ്പെടുത്തി.
Leave a Reply