തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപൻ്റെ മൃതദേഹം സംസ്കരിച്ചു. പൊളിച്ച സമാധി തറയ്ക്ക് പകരം പുതിയ സമാധിത്തറ കുടുംബം ഒരുക്കിയിരുന്നു. ഇവിടെയായിരുന്നു സംസ്കാരം. ചടങ്ങിൽ സന്യാസിമാരുൾപ്പടെ പങ്കെടുത്തു. സമാധിത്തറ തീർത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് ഗോപന്റെ മകൻ സനന്ദൻ അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം പൂർത്തിയായ ഗോപന്റെ മൃതദേഹം നാമജപ ഘോഷയാത്രയോടെ ആറാലുംമൂട്ടിലെ വീട്ടിലെത്തിച്ച ശേഷമായിരുന്നു സംസ്കാരം.
വിവിധ മഠങ്ങളിൽ നിന്നുളള സന്യാസിമാർ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ചടങ്ങിൽ ഗോപൻ്റെ രണ്ട് മക്കളും പങ്കെടുത്തു.
സമാധി വിഷയം വിവാദമായപ്പോൾ ഒരു വിഭാഗത്തിനെതിരെ നടത്തിയ പരാമർശത്തിൽ ഗോപൻ്റെ മകൻ സനന്ദൻ മാപ്പ് ചോദിച്ചു. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും സനന്ദൻ പറഞ്ഞു. ഗോപന്‍റെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കൂടി ഇനി വരാനുണ്ട്. ശേഷം മരണത്തിലെ അന്വേഷണം ശക്തമാക്കാനാണ് പൊലീസ് നീക്കം. അടുത്ത ദിവസങ്ങളിൽ കുടുംബാംഗങ്ങളുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.
ഇന്നലെ രാവിലെ ഒൻപതു മണിയോടെ പൊലീസും ജില്ലാ ഭരണകൂടവും നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. എന്നാൽ പോസ്റ്റ്‍മോർട്ടത്തിൽ പ്രാഥമിക ഘട്ടത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് കണ്ടെത്തൽ.

Leave a Reply