നെടുമ്പാശ്ശേരിയിലും ബോംബ് ഭീഷണി

നെടുമ്പാശ്ശേരിയിലും ബോംബ് ഭീഷണി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലും രണ്ട് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി. എയര്‍ ഇന്ത്യയുടെ കൊച്ചി- ദമാം, ആകാശ എയറിന്റെ കൊച്ചി- മുംബൈ വിമാനങ്ങള്‍ക്കാണ് ഇന്ന് ഭീഷണി സന്ദേശം എത്തിയത്. എക്‌സിലാണ് ഭീഷണി സന്ദേശം എത്തിയത്. എന്നാല്‍ രണ്ട് വിമാനങ്ങളും കൊച്ചിയില്‍ നിന്ന് യാത്ര തിരിച്ചിരുന്നു.

ഭീഷണി സന്ദേശത്തിന്റെ ഉറവിടം ഇതുവരെയും കണ്ടെത്താനായിട്ടില്ല. നേരത്തെ, 6ഇ87 നമ്പര്‍ കോഴിക്കോട്- ദമാം ഇന്‍ഡിഗോ വിമാനത്തിനും ഭീഷണിയുണ്ടായിരുന്നു. ഭീഷണി സന്ദേശം ലഭിച്ചാല്‍ സിവില്‍ ഏവിയേഷന്‍ സുരക്ഷാ വിഭാഗത്തിന്റെ മാനദണ്ഡമനസരിച്ചുള്ള സുരക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഓരാഴ്ചക്കിടെ ലഭിച്ച വ്യാജ ബോംബ് ഭീഷണിയില്‍ 70 ശതമാനത്തിലധികവും ഒരൊറ്റ എക്‌സ് അക്കൗണ്ടില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. വിമാനക്കമ്പനികര്‍ക്കെതിരെ ഒരാഴ്ചക്കിടെ 70ഓളം വ്യാജ ഭീഷണി സന്ദേശങ്ങളാണ് ലഭിച്ചത്, ഇതില്‍ 46 സന്ദേശങ്ങളും ലഭിച്ചത് @ adamlanza1111 എന്ന എക്‌സ് ഹാന്‍ഡിലില്‍ നിന്നാണെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഈ അക്കൗണ്ട് ആരുടെ ഉടമസ്ഥതയിലുള്ളതാണെന്ന് വിവരം ലഭിച്ചിട്ടില്ല. രണ്ട് ദിവസത്തിനിടെ ആഭ്യന്തര, അന്തരാഷ്ട്ര വിമാനങ്ങളില്‍ ബോംബ് ഭീഷണി സന്ദേശം ഈ അക്കൗണ്ടില്‍ നിന്ന് അയച്ചിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി 12 ഉം ശനിയാഴ്ച 34 ഉം ഭീഷണി സന്ദേശങ്ങള്‍ അക്കൗണ്ടില്‍ നിന്ന് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ എയര്‍ലൈന്‍സ്, ജെറ്റ് ബ്ലൂ, എയര്‍ ന്യൂസിലാന്‍ഡ് തുടങ്ങിയ അന്താരാഷ്ട്ര വിമാനക്കമ്പനിക്കെതിരെയും അക്കൗണ്ടില്‍ നിന്ന് ഭീഷണി സന്ദേശം പോയിട്ടുണ്ട്.

Leave a Reply

Your email address will not be published.