കണ്ണൂർ: എഡിഎം കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം ലഭിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യ ജയിൽ മോചിതയായി.
നവീന്‍ ബാബുവിന്റെ മരണത്തില്‍ വലിയ ദുഃഖമുണ്ടെന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ദിവ്യ പ്രതികരിച്ചു. നവീന്‍ ബാബുവിന്റെ മരണത്തിൽ ആദ്യമായാണ് ദിവ്യ പ്രതികരിക്കുന്നത്.
ഉദ്യോഗസ്ഥരോട് സദുദ്ദേശ്യത്തോടെ മാത്രമേ സംസാരിച്ചിട്ടുള്ളൂ.നവീനിന്റെ കുടുംബത്തെപ്പോലെ സത്യം തെളിയണമെന്ന് ഞാനും ആഗ്രഹിക്കുന്നു. നിയമത്തില്‍ വിശ്വസിക്കുന്നു, നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്നും ദിവ്യ പറഞ്ഞു.
തലശ്ശേരി സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കണ്ണൂർ ജില്ലയ്ക്ക് പുറത്ത് പോകരുത്, എല്ലാ തിങ്കളാഴ്ചയും രാവിലെ 10നും 11നും എസ്.ഐ.ടി ക്ക് മുന്നിൽ ഹാജരാക്കണം.സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ കർശന ഉപാധികളോട് ആണ് കോടതി ദിവ്യക്ക് ജാമ്യം നൽകിയത്.
ഇതിന് പിന്നാലെ ദിവ്യയെ കാത്ത് പള്ളിക്കുന്നിലെ വനിതാ ജയിലിന് പുറത്ത് സിപിഎം നേതാക്കള്‍ എത്തിയിരുന്നു.
വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥ് എന്നിവരെത്തിയത്. ജയില്‍ മോചിതയാകുന്ന ദിവ്യയെ കാണാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമള, എന്‍ സുകന്യ ഉള്‍പ്പെടെയുള്ള വനിതാ നേതാക്കളും ജയിലില്‍ എത്തിയിരുന്നു.
Leave a Reply