കോഴിക്കോട്: മലയാള സാഹിത്യലോകത്തിൻ്റെ കാരണവർ വിടവാങ്ങി. ഇന്ന് രാത്രി പത്തോടെയാണ് എം.ടി. വാസുദേവൻ നായർ അന്തരിച്ചത്. അധ്യാപകൻ, മാധ്യമ പ്രവര്‍ത്തകന്‍, നോവലിസ്റ്റ്, ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, നാടകകൃത്ത് എന്നിങ്ങനെ വിവിധ മേഖലകളില്‍ മലയാള ഭാഷയ്ക്ക് നിരവധി സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് മാടത്തില്‍ തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എംടി വാസുദേവന്‍ നായർ. എംടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അദ്ദേഹം 1933 ജൂലായ് 15ന് പൊന്നാനി താലൂക്കില്‍ കൂടല്ലൂരിലാണ് ജനിച്ചത്. പിന്നീട്, കുമരനെല്ലൂര്‍ ഹൈസ്കൂളുകളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
എഴുത്തിന്റെ സമസ്തരൂപങ്ങളിലും വിരൽമുദ്ര പതിപ്പിച്ച എംടി, പത്രാധിപർ എന്ന നിലയിലും അതുല്യനാണ്. മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നായി എണ്ണപ്പെടുന്ന നിർമാല്യം ഉൾപ്പെടെ 6 സിനിമകളും രണ്ട് ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.
ജ്ഞാനപീഠം ജേതാവായ എംടിയെ 2005 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ജെ.സി. ദാനിയേൽ പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം, വയലാർ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, വള്ളത്തോൾ പുരസ്കാരം തുടങ്ങി നിരവധി ബഹുമതികൾ നേടിയിരുന്നു. മികച്ച തിരക്കഥയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം നാല് തവണ നേടിയ അദ്ദേഹം മികച്ച സംവിധായകന് മൂന്ന് വട്ടം സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. 11 തവണ മികച്ച തിരക്കഥയ്ക്കും സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിട്ടുണ്ട്.
ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് 11 ദിവസമായി എം ടി വാസുദേവൻ നായർ ആശുപത്രിയിൽ കഴിയുകയായിരുന്നു. 91 വയസായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. ഇന്ന് കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിലായതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.
Leave a Reply