പായയില്‍ പൊതിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു

പായയില്‍ പൊതിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു

തൊടുപുഴ: മൂലമറ്റത്ത് തേക്കിന്‍ തോട്ടത്തില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ഇടുക്കി മേലുകാവ് സ്വദേശി സാജന്‍ സാമുവലിന്റേതാണ് മൃതദേഹം. സാജന്റെ മരണം കൊലപാതകമാണെന്നാണ് പൊലീസ് നിഗമനം. എട്ടംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് സൂചിപ്പിച്ചു. ഇതില്‍ ആറു പേര്‍ പിടിയിലായതായാണ് സൂചന.

കാപ്പ ഉള്‍പ്പെടെ ചുമത്തപ്പെട്ടിട്ടുള്ള, ക്രിമിനല്‍ പശ്ചാത്തലം ഉള്ള വ്യക്തിയാണ് കൊല്ലപ്പെട്ട സാജന്‍ സാമുവല്‍. 30 ഓളം ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് സൂചിപ്പിച്ചു.

ഇന്നലെയാണ് മൂലമറ്റം തേക്കുംകൂപ്പ് മൃതദേഹം കണ്ടെത്തുന്നത്. കഴിഞ്ഞ 30 നാണ് സാജന്‍ സാമുവലിനെ കാണാതാകുന്നത്. മൃതദേഹം ജീര്‍ണിച്ച അവസ്ഥയിലുള്ളതിനാല്‍ ഔദ്യോഗിക സ്ഥിരീകരണത്തിനായി ഡിഎന്‍എ പരിശോധന നടത്തും. അതേസമയം മൃതദേഹം സാജന്റേതാണെന്ന നിഗമനത്തിലാണ് പൊലീസിന്റെ അന്വേഷണം മുന്നോട്ടു പോകുന്നത്.

എട്ടുപേരടങ്ങുന്ന സംഘമാണ് സാജനെ കൊലപ്പെടുത്തിയത്. മൂലമറ്റത്തെ മറ്റൊരിടത്തുവെച്ചാണ് കൃത്യം നടന്നത്. ഉറങ്ങിക്കിടന്ന സാജനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം.

ഓട്ടോറിക്ഷയിലാണ് മൃതദേഹം തേക്കിന്‍കൂപ്പിലെത്തിച്ചത്. പന്നിയിറച്ചി ഉപേക്ഷിക്കാനാണെന്ന് പറഞ്ഞാണ് ഓട്ടോയില്‍ പൊതിഞ്ഞുകെട്ടിയ മൃതദേഹം കയറ്റുന്നത്. ആദ്യം വിസമ്മതിച്ച ഓട്ടോ ഡ്രൈവര്‍, പ്രതികള്‍ ഏറെ നിര്‍ബന്ധിച്ചതോടെയാണ് കയറ്റാന്‍ അനുവദിച്ചത്. പിന്നീട് സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ കാഞ്ഞാര്‍ പൊലീസ് എസ്‌ഐയെ വിവരം അറിയിച്ചിരുന്നു. എസ്‌ഐ തുടര്‍ന്ന് സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

ഇന്നലെ ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജീര്‍ണാവസ്ഥയിലായ മൃതദേഹം കണ്ടെത്തുന്നത്. 

Leave a Reply

Your email address will not be published.