ക്ഷണിച്ചത് ബിജെപി പ്രതിനിധിയെ അല്ല, പ്രധാനമന്ത്രിയെ

ക്ഷണിച്ചത് ബിജെപി പ്രതിനിധിയെ അല്ല, പ്രധാനമന്ത്രിയെ

ന്യൂഡല്‍ഹി: ക്രിസ്മസ് വിരുന്നിന് ക്ഷണിച്ചത് ബിജെപി പ്രതിനിധിയെ അല്ല, രാജ്യത്തിന്റെ പ്രധാനമന്ത്രിയെയാണെന്ന് കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ.
ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പങ്കെടുപ്പിച്ച് ഡല്‍ഹിയില്‍ ക്രിസ്മസ് വിരുന്ന് സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് സിബിസിഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് നൽകിയ വിശദീകരണത്തിലാണ് വിരുന്നിനെ ന്യായികരിച്ചത്.

സിബിസിഐ സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നിന് പ്രധാനമന്ത്രി വന്നത് അംഗീകാരമാണ്. ക്രൈസ്തവ വിഭാഗങ്ങള്‍ ആക്രമിക്കപ്പെടുന്നതിലെ വേദന പ്രധാനമന്ത്രിയെ അറിയിച്ചു. ഭരണഘടന അനുസരിച്ച് എല്ലാവരെയും ഉള്‍ക്കൊള്ളിച്ചാവണം രാജ്യത്തിന്റെ വളര്‍ച്ചയെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു. പോസിറ്റീവായ മറുപടിയാണ് പ്രധാനമന്ത്രി നല്‍കിയത്. പുല്‍ക്കൂട് ആക്രമണത്തെ ആരും തന്നെ അംഗീകരിക്കുന്നില്ല. മതസൗഹാര്‍ദ്ദത്തോടെ പ്രവര്‍ത്തിക്കണമെന്നാണ് സഭ ആഗ്രഹിക്കുന്നത്. എല്ലാ മതങ്ങള്‍ക്കും സ്വാതന്ത്ര്യമുള്ള ഭരണഘടനയാണ് ഇന്ത്യയുടേതെന്നും ആന്‍ഡ്രൂസ് താഴത്ത് ചൂണ്ടിക്കാട്ടി.

എല്ലാ മതങ്ങൾക്കും സ്വാതന്ത്ര്യം നൽകുന്ന ഭരണഘടനയാണ് ഇന്ത്യക്കുള്ളത്. മതപരമായ ചടങ്ങുകളെയോ ആചാരങ്ങളെയോ ആക്രമിക്കുന്നതിനെ ഇന്ത്യൻ ഭരണഘടന അം​ഗീകരിക്കുന്നില്ല. ഓരോരുത്തർക്കും അവരുടെ വിശ്വാസം വലുതാണ്. ആ വിശ്വാസങ്ങളെ അം​ഗീകരിക്കുകയും വേണം. കേരളത്തിന്റെ മുഖ്യമന്ത്രിയേയും മറ്റ് മന്ത്രിമാരേയുമൊക്കെ പല സാഹചര്യങ്ങളിൽ ക്ഷണിച്ചിട്ടുണ്ട്. ക്രിസ്മസ് ആഘോഷച്ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷം അറിയിച്ചതിനൊപ്പം ക്രൈസ്തവർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രധാനമന്ത്രി വേദന പ്രകടിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് സിബിസിഐ വ്യക്തമാക്കി.

Leave a Reply

Your email address will not be published.