കൊച്ചി: തൃപ്പൂണിത്തുറയില്‍ 15 വയസ്സുകാരന്‍ മിഹിറിന്റെ മരണത്തിൽ റാഗിങ് ആരോപണം തള്ളി ഗ്ലോബൽ പബ്ലിക് സ്‌കൂൾ. ഹില്‍ പാലസ് പൊലീസ് സഹപാഠികളില്‍ നിന്നും ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ അധികൃതരില്‍ നിന്നും രേഖപ്പെടുത്തിയ മൊഴിയിലാണ് വിശദീകരണം. കൃത്യമായ തെളിവില്ലാതെ സ്‌കൂളിനെതിരെ നടപടിയെടുക്കാനാവില്ല. ആരോപണം സാധൂകരിക്കുന്ന തെളിവ് ലഭിച്ചാല്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
മിഹിര്‍ റാഗിംഗിനിരയായെന്ന പരാതി കുടുംബം വിദ്യാര്‍ത്ഥി കൊല്ലപ്പെടുന്നതിന് മുന്‍പ് ഉന്നയിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥി സന്തോഷവാനായിട്ടാണ് സ്‌കൂളില്‍ നിന്നും പോയതെന്നും പ്രിന്‍സിപ്പല്‍ ഹില്‍ പാലസ് പൊലീസ് സ്റ്റേഷന് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകളാണ് മാധ്യമങ്ങള്‍ നല്‍കുന്നത്. ഇത്തരം സംഘടിതമായ പ്രചാരണങ്ങള്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ധാര്‍മ്മികതയെ ബാധിക്കുന്നതാണ്. ഇതിനെതിരെ നടപടിയെടുക്കണമെന്നും സ്‌കൂള്‍ ആവശ്യപ്പെടുന്നു.
സ്‌കൂളിലെ സഹപാഠികളുടെ റാഗിങ്ങനെ തുടര്‍ന്നായിരുന്നു കുട്ടിയുടെ ആത്മഹത്യ എന്നാണ് കുടുംബത്തിന്റെ പരാതി. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കുട്ടിയുടെ കുടുംബം പരാതി നല്‍കിയിരുന്നു. സ്‌കൂളില്‍ മകന്‍ ക്രൂരമായ ശാരീരിക മാനസിക പീഡനത്തിന് ഇരയായെന്ന് കാട്ടി കുട്ടിയുടെ അമ്മയാണ് പരാതി നല്‍കിയത്. ചില വിദ്യാര്‍ത്ഥികളില്‍ മകന്‍ നിന്ന് ക്രൂരമായ റാഗിങ്ങിന് വിധേയനായെന്നും കുടുംബം ആരോപിക്കുന്നു.

Leave a Reply