പാലക്കാട്: സിനിമാ- നാടക നടി മീന ഗണേഷ് അന്തരിച്ചു. 81 വയസ്സായിരുന്നു. ഷൊര്‍ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. 200 ലേറെ സിനിമകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
മസ്തിഷ്കാഘാതം സംഭവിച്ചതിനെ തുടർന്ന് നാല് ദിവസമായി ചികിത്സയിലായിരുന്നു. നാടകകൃത്തും സംവിധായകനും നടനുമായിരുന്ന എ.എൻ. ഗണേഷ് ആണ് ഭർത്താവ്.
200-ഓളം സിനിമകളിലും 25-ഓളം സീരിയലുകളിലും വേഷമിട്ടു. നാടകരംഗത്തുനിന്നാണ് ചലച്ചിത്ര രംഗത്തെത്തിയത്. സൂര്യസോമ, കേരള തിയേറ്റേഴ്സ്, ചിന്മയി തുടങ്ങി നിരവധി നാടകസമിതികളിൽ പ്രവർത്തിച്ചു. വാർധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് കുറച്ചുകാലമായി അഭിനയരംഗത്തുനിന്ന് വിട്ടുനിൽക്കുകയായിരുന്നു.
1976-ൽ പുറത്തുവന്ന, പി.എ. ബക്കർ സംവിധാനംചെയ്ത മണിമുഴക്കം ആയിരുന്നു ആദ്യ ചിത്രം. കലാഭവൻ മണി നായകനായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, മീശമാധവൻ, നന്ദനം, അമ്മക്കിളിക്കൂട്, സെല്ലുലോയ്ഡ് തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ശ്രദ്ധേയമായിരുന്നു.
സംവിധായകൻ മനോജ് ഗണേഷ്, സംഗീത എന്നിവരാണ് മക്കൾ. സംസ്കാരം വൈകിട്ട് നാലുമണിക്ക് ഷൊർണൂർ ശാന്തിതീരത്ത്.
Leave a Reply