ലഖ്നൗ: മഹാ കുംഭമേളയില്‍ മൗനി അമാവാസി ചടങ്ങുകൾക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് 12 പേരോളം മരിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 50-ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പുലര്‍ച്ചെ 1.30 ഓടെയായിരുന്നു അപകടം.
കനത്ത സുരക്ഷ ഒരുക്കിയിരുന്നെങ്കിലും പുലർച്ചെയോടെ വലിയ ജനത്തിരക്ക് ഉണ്ടായിരുന്നു. തിക്കിലും തിരക്കിലും ബാരിക്കേഡുകള്‍ തകര്‍ന്നാണ് അപകടം.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നിലവിലെ സാഹചര്യം വിലയിരുത്തി.ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി അദ്ദേഹം നാലുതവണ ഫോണിലൂടെ സംസാരിച്ചു. അടിയന്തര നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. അതേസമയം, നിര്‍ത്തിവച്ച അമൃതസ്‌നാനം പുനഃരാരംഭിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
കുംഭമേളയില്‍ ഹെലികോപ്റ്റര്‍ വഴി നിരീക്ഷണം ശക്തമാക്കണമെന്ന് യുപി മുന്‍മുഖ്യമന്ത്രി യോഗി അഖിലേഷ് യാദവ് പറഞ്ഞു. അപകടത്തില്‍ അതീവദുഃഖം രേഖപ്പെടുത്തിയ അദ്ദേഹം മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. കുഭമേളയുടെ നടത്തിപ്പിന് വേണ്ടത്ര ക്രമീകരണങ്ങള്‍ ഒരുക്കാത്തതാണ് അപകടത്തിന് ഇടയാക്കിയത്. യുപി സര്‍ക്കാര്‍ അടിയന്തരനടപടികള്‍ സ്വീകരിക്കണം.

Leave a Reply