ന്യൂഡല്‍ഹി: മദ്രസകള്‍ക്കെതിരായ ബാലവകാശ കമ്മീഷന്‍ ഉത്തരവിനെ വിമര്‍ശിച്ച് സുപ്രീം കോടതി. കുട്ടികള്‍ക്ക് മതപഠനം പാടില്ലെന്നാണോ നിലപാടെന്ന് കമ്മീഷനോട് കോടതി ചോദിച്ചു. മദ്രസകളുടെ കാര്യത്തില്‍ മാത്രം എന്തിന് ആശങ്കയെന്നും മറ്റ് മതവിഭാഗങ്ങള്‍ക്ക് വിലക്ക് ബാധകമാണോയെന്നും കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ അധ്യക്ഷനായ ബഞ്ചിന്റെതാണ് വിമര്‍ശനം.
ഉത്തര്‍പ്രദേശ് മദ്രസവിദ്യാഭ്യാസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവേയാണ് ദേശീയ ബാലവകാശ കമ്മീഷനെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയും കോടതി വിമര്‍ശിച്ചത്. എന്തുകൊണ്ടാണ് മദ്രസകളെ നിയന്ത്രിക്കാനുള്ള നീക്കം നടക്കുന്നത്?. അതിന് പിന്നില്‍ എന്താണ് താത്പര്യമെന്ന് ബാലവകാശ കമ്മീഷനോട് സുപ്രീം കോടതി ചോദിച്ചു. മറ്റ് കാര്യത്തില്‍ ഇതേ താത്പര്യമില്ലേയെന്നും കോടതി ചോദിച്ചു.
ഇന്ത്യയെന്നത് വിവിധ സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും നാഗരികതകളുടെയും കുടിച്ചേരലാണെന്നും കോടതി പറഞ്ഞു. ‘മത പ്രബോധനം മുസ്ലീങ്ങള്‍ക്ക് മാത്രമുള്ളതല്ല, നിങ്ങള്‍ക്കറിയാമോ. നമ്മുടെ രാജ്യം സംസ്‌കാരങ്ങളുടെയും നാഗരികതകളുടെയും മതങ്ങളുടെയും സംഗമഭൂമിയാണ്, നമുക്ക് അത് സംരക്ഷിക്കാം. അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് ഈ നിയമം. അല്ലാത്തപക്ഷം നിങ്ങള്‍ ജനങ്ങളെ ശൂന്യമാക്കുകയാണ്,-‘ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
കഴിഞ്ഞദിവസം, മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മിഷന്‍ നിര്‍ദേശങ്ങള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.
Leave a Reply