എം.ആര്‍. അജിത് കുമാർ ഡിജിപി ആകും

എം.ആര്‍. അജിത് കുമാർ ഡിജിപി ആകും


തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം. ചീഫ് സെക്രട്ടറി അധ്യക്ഷയായ സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാര്‍ശയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 2025 ജൂലൈക്ക് ശേഷം വരുന്ന ഒഴിവിലേക്കാണ് പരിഗണിക്കുക.

എഡിജിപി റാങ്കില്‍ നിന്നും ഡിജിപി റാങ്കിലേക്ക് പ്രമോഷന്‍ ലഭിക്കാന്‍ അര്‍ഹതയുള്ളത് എം ആര്‍ അജിത് കുമാറിനും കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള സുരേഷ് രാജ് പുരോഹിതിനുമാണ്. ഇരുവര്‍ക്കും അടുത്തു വരുന്ന ഒഴിവുകളില്‍ ഡിജിപി റാങ്കിലേക്ക് പ്രമോഷന്‍ നല്‍കാനാണ് സ്‌ക്രീനിങ് കമ്മിറ്റി ശുപാര്‍ശ നല്‍കിയത്. ചീഫ് സെക്രട്ടറിയും ഡിജിപിയും ആഭ്യന്തര സെക്രട്ടറിയും വിജിലന്‍സ് ഡയറക്ടറുമടങ്ങുന്ന സ്‌ക്രീനിങ് കമ്മിറ്റിയാണ് സ്ഥാനക്കയറ്റം ശുപാര്‍ശ ചെയ്തത്.

വിജിലന്‍സ് അന്വേഷണം നേരിടുന്നത് പ്രമോഷന്‍ നല്‍കുന്നതിന് തടസ്സമില്ലെന്ന് സ്‌ക്രീനിങ് കമ്മിറ്റി വിലയിരുത്തി. സര്‍വീസ് ചട്ടപ്രകാരം ഒരാള്‍ സസ്‌പെന്‍ഷനിലാകുകയോ, കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടാലോ മാത്രമാണ് തുടര്‍ സ്ഥാനക്കയറ്റത്തില്‍ നിന്നും പരിഗണിക്കാതിരിക്കൂ. അജിത് കുമാറിനെതിരെ അന്വേഷണം നടക്കുന്നതേയുള്ളൂവെന്നും സ്‌ക്രീനിങ് കമ്മിറ്റി വിലയിരുത്തി. അനധികൃത സ്വത്തു സമ്പാദനം, തൃശൂര്‍ പൂരം കലക്കല്‍, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവ സംബന്ധിച്ചാണ് അജിത്കുമാറിനെതിരെ അന്വേഷണം നടക്കുന്നത്.

Leave a Reply

Your email address will not be published.