ബുക് സ്റ്റാൻഡർ : ലൈബ്രറി ആന്റ് റീഡിങ് കോർണർ തുടങ്ങി
എറണാകുളം പബ്ലിക് ലൈബ്രറിയുടെയും ജനറൽ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ “ബുക് സ്റ്റാൻഡർ : ലൈബ്രറി ആന്റ് റീഡിങ് കോർണർ” എറണാകുളം ജനറൽ ആശുപത്രിയിൽ ആരംഭിച്ചു. ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പ്രൊഫ. എം.കെ സാനു ബുക്ക് സ്റ്റാ൯ഡ൪ പദ്ധതി ഉദ്ഘാടനം ചെയ്തു.
ടി.ജെ .വിനോദ് എം. എൽ. എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം. പി, മേയർ അഡ്വ എം. അനിൽകുമാർ, ജില്ലാ കളക്ടർ എൻ. എസ്.കെ ഉമേഷ് എന്നിവർ വിശിഷ്ടാതിഥികളായി.
വായന മരുന്നായി മാറുന്നു എന്ന മുദ്രാവാക്യം മുന്നോട്ടുവച്ചുകൊണ്ടാണ് “ബുക്ക് സ്റ്റാൻഡർ : അനതർ ബൈസ്റ്റാൻഡർ ” എന്ന സന്ദേശത്തോടെ പദ്ധതി ആരംഭിക്കുന്നത്. ആശുപത്രിയുടെ പ്രധാന ബ്ലോക്കുകളായ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, ക്യാൻസർ സ്പെഷ്യാലിറ്റി ബ്ലോക്ക്, ട്രോമാ കെയർ ബ്ലോക്ക് എന്നിവിടങ്ങളിൽ ആണ് ബുക്ക് കോർണറുകൾ ഒരുക്കുന്നത്. ഇതോടെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ചികിത്സാ ദിനങ്ങൾ ഇനി നഷ്ടദിനങ്ങളാവില്ല. പബ്ലിക് ലൈബ്രറിയ്ക്ക് വേണ്ടി സെക്രട്ടറി കെ.പി. അജിത് കുമാർ സമർപ്പിച്ച നിർദ്ദേശത്തിന് ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിർഷാ മുൻകൈയെടുത്താണ് ഈ സംരംഭം യാഥാർത്ഥ്യമായത്.
ലളിതമായ വായനയ്ക്ക് സഹായകമാകുന്ന ചെറിയ പുസ്തകങ്ങളാണ് അധികവും. മലയാളത്തിലെ പ്രധാനപ്പെട്ട എല്ലാ എഴുത്തുകാരുടേയും കൃതികൾ വായിക്കാൻ സൗകര്യം ഒരുങ്ങും. സമീപത്തെ രജിസ്റ്ററിൽ സ്വയം രേഖപ്പെടുത്തി എടുക്കുകയും തിരിച്ച് വയ്ക്കുകയും ചെയ്യാവുന്ന വിധത്തിലാണ് ക്രമീകരണം. പുസ്തകങ്ങൾ രോഗാണുവിമുക്തമാക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് ഡോ. ഷാഹിർഷാ അറിയിച്ചു.
Leave a Reply