പാലക്കാട്: തെരഞ്ഞെടുപ്പിന് തലേന്ന് സുന്നി കാന്തപുരം വിഭാഗം മുഖപത്രമായ സിറാജ്, സമസ്ത മുഖപത്രമായ സുപ്രഭാതം എന്നിവയില്‍ എല്‍ഡിഎഫ് നല്‍കിയ പരസ്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ഷാഫി പറമ്പില്‍ എംപി. ഇന്നു തന്നെ പരാതി ഫയല്‍ ചെയ്യും. ബിജെപിയെ സഹായിക്കാന്‍ സിപിഎം നല്‍കിയ പരസ്യമാണിത്. പത്രങ്ങളില്‍ പരസ്യം കൊടുക്കുന്നത് വായനക്കാരന്റെ ജാതിയും മതവും നോക്കിയാണോയെന്നും ഷാഫി ചോദിച്ചു.
പരസ്യത്തിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ഷാഫി പറഞ്ഞു. ഇത്തരമൊരു പരസ്യത്തിനോട് ഒരു കാരണവശാലും പാലക്കാടിന് ക്ഷമിക്കാനോ, പൊറുക്കാനോ കഴിയില്ല. ഇന്നുതന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ നിന്നെങ്കിലും പാഠം പഠിച്ചിട്ട് വിഭാഗീയ ശ്രമം നടത്തരുതെന്ന രാഷ്ട്രീയ ബോധം ചിലര്‍ക്കെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചത് തെറ്റായി. സിപിഎമ്മിന്റെ നാണംകെട്ട ശ്രമമമായിപ്പോയി ഇത്. ബിജെപിയെ സഹായിക്കാന്‍ സിപിഎം നല്‍കിയ പരസ്യമാണിത്. ചിഹ്നം പോലും ഇല്ലാത്ത ഒരു തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാന്‍ മാത്രം നല്‍കിയ പരസ്യമാണിതെന്നും ഷാഫി ആരോപിച്ചു.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയില്ലാതെയെന്ന് എല്‍ഡിഎഫ് പത്രങ്ങളില്‍ പരസ്യം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പരസ്യം നല്‍കുന്നതിന് മുന്‍പായി മീഡിയ മോണിറ്ററിങ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ജില്ലാ കലക്ടര്‍ അധ്യക്ഷനായ മീഡിയ മോണിറ്ററിങ് കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങള്‍ക്ക് നല്‍കുന്ന പരസ്യത്തിന് അനുമതി നല്‍കേണ്ടത്. എന്നാല്‍, എല്‍ഡിഎഫ് നല്‍കിയ പരസ്യത്തിന് അനുമതി ഇല്ലെന്നാണ് വിവരം. സരിന്‍ തരംഗം എന്ന വലിയ തലക്കെട്ടിലാണ് രണ്ടുപത്രങ്ങൾ പരസ്യം നല്‍കിയിരുന്നത്. ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകളും ഫെയ്സ്ബുക്ക് പോസ്റ്റുകളുമൊക്കെയാണ് പരസ്യത്തിലുണ്ടായിരുന്നത്.
Leave a Reply