ഡി.ഐ.ജിമാർക്കും എസ്.പിമാർക്കും സ്ഥാനക്കയറ്റം
. മുസ്‌തഫ കെ.വി.കെ
തിരുവനന്തപുരം: ഡി.ഐ.ജിമാർക്ക് ഐ.ജിമാരായും എസ്.പിമാർക്ക് ഡി.ഐ.ജിമാരായും സ്ഥാനക്കയറ്റം നൽകി പൊലീസ് തലപ്പത്ത് അഴിച്ചുപണി. ഡി.ഐ.ജിമാരായ പുട്ട വിമലാദിത്യ, എസ്. അജിത ബീഗം, എസ്. നിശാന്തിനി, സതീഷ് ബിനോ എന്നിവർക്കാണ് ഐ.ജിമാരായി സ്ഥാനക്കയറ്റം ലഭിച്ചത്. എസ്.പിമാരായ അരുൺ ബി. കൃഷ്ണ, ഹിമേന്ദ്രനാഥ് എന്നിവരെ ഡി.ഐ.ജി പദവിയിലേക്കുമുയർത്തി. ദക്ഷിണ മേഖല ഐ.ജിയായി സ്പർജൻ കുമാറിനെ നിയമിച്ചു. ദക്ഷിണ മേഖല ഐ.ജിയായിരുന്ന ശ്യാംസുന്ദറിനെ ഇന്‍റലിജൻസ് ഐ.ജിയായി നിയമിച്ചു. കേരള പൊലീസ് ഹൗസിങ് ആൻഡ് കൺട്രക്ഷൻ കോർപറേഷൻ മാനേജിങ് ഡയറക്ടറുടെ പൂർണചുമതലയും ശ്യാംസുന്ദറിനായിരിക്കും.
ആഭ്യന്തര സുരക്ഷയുടെയും തീവ്രവാദവിരുദ്ധ സ്ക്വാഡിന്‍റെയും ചുമതല ഐ.ജി പുട്ട വിമലാദിത്യക്കായിരിക്കും. സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഐ.ജിയുടെ ചുമതല അജിത ബീഗത്തിനായിരിക്കും. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഒന്നിന്‍റെയും സോഷ്യൽ പൊലീസിങ് ഡയറക്ടർ ചുമതലയും അജിത ബീഗത്തിനുണ്ടാകും. ആംഡ് പൊലീസ് ബറ്റാലിയൻ ഐ.ജിയായി എസ്. സതീഷ് ബിനോയെയും പൊലീസ് ആസ്ഥാനം ഐ.ജിയായി ആർ. നിശാന്തിനെയും നിയമിച്ചു.
വിജിലൻസ് ഡി.ഐ.ജിയായിരുന്ന കെ. കാർത്തിക്കാണ് തിരുവനന്തപുരം സിറ്റി കമീഷണർ. കമീഷണറായിരുന്ന തോംസൺ ജോസിനെ വിജിലൻസിലേക്ക് മാറ്റി. തൃശൂർ റേഞ്ച് ഡി.ഐ.ജിയായിരുന്ന ഹരിശങ്കറിനെ കൊച്ചി സിറ്റി പൊലീസ് കമീഷണറായി നിയമിച്ചു. ഡി.ഐ.ജിമാരായി സ്ഥാനക്കയറ്റം ലഭിച്ച അരുൺ ബി. കൃഷ്ണയെ തൃശൂർ റേഞ്ചിന്‍റെയും ഹിമേന്ദ്രനാഥിനെ തിരുവനന്തപുരം റേഞ്ചിന്‍റെയും ചുമതല നൽകി. ടെലികോം എസ്.പിയായി ഉമേഷ് ഗോയലിനെയും സ്പെഷൽ ഓപറേഷൻ ഗ്രൂപ്പ് എസ്.പിയായി പി.ബി. കിരണിനെയും കേരള ആംഡ് പൊലീസ് നാലാം ബറ്റാലിയൻ കമാൻഡന്‍റായി രാജേഷ് കുമാറിനെയും ആംഡ് പൊലീസ് ബറ്റാലിയൻ ആസ്ഥാനം എസ്.പിയായി അഞ്ജലി ഭാവനയെയും നിയമിച്ചു.

Leave a Reply