ചെങ്ങന്നൂർ: ഭാസ്കരക്കാരണവർ കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഷെറിൻ 14 വർഷത്തിനു ശേഷം ജയിൽ മോചിതയാകുന്നു. 14 വർഷം പൂർത്തിയായ സാഹചര്യത്തിലാണ് ഇളവ് പരിഗണിച്ചത്. ജീവപര്യന്തം എന്നാൽ ജീവിതാവസാനം വരെ! ഏറ്റവും കുറഞ്ഞത് 14 വർഷം എങ്കിലും ശിക്ഷ അനുഭവിക്കണം. ഇതിനുശേഷം പ്രതിക്ക് മാനസാന്തരം വരികയും നല്ല നടപ്പ് നടക്കുകയും ചെയ്താൽ സംസ്ഥാന സർക്കാരിന്റെ വിവേചന അധികാരവും ജയിൽ ഉപദേശക സമിതിയുടെ ശുപാർശയും ഉപയോഗിച്ച് പ്രതിയെ ജയിൽ മോചിതയാക്കാം.
കണ്ണൂർ വിമൺ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിൽ ആഗസ്ത് എട്ടിനു കൂടിയ ഉപദേശക സമിതിയുടെ ശുപാർശയും നിയമ വകുപ്പിന്റെ അഭിപ്രായവും പരിഗണിച്ചാണ് ഷെറിന് ഇളവ് ലഭിച്ചത്.
ഇത്തരത്തിൽ പരിഗണന ലഭിക്കാൻ മാത്രം മേന്മയുള്ള ആളാണോ ഷെറിൻ?
2009 നവംബർ ഏഴിനാണ് ചെറിയനാട് തുരുത്തിമേൽ കാരണവേഴ്സ് വില്ലയിൽ ഭാസ്കരക്കാരണവർ കൊല്ലപ്പെട്ടത്. സ്വത്തിൽനിന്ന് ഒഴിവാക്കിയതിലുള്ള പ്രതികാരമാണ് മരുമകൾ ഷെറിനെ കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു കേസ്. ശാരീരിക വെല്ലുവിളികളുള്ള ഇളയമകൻ ബിനു പീറ്റർ ആയിരുന്നു ഷെറിന്റെ ഭർത്താവ്. 2001ൽ ഇവർ വിവാഹിതരായത്. പക്ഷേ, വൈകാതെ ദാമ്പത്യപൊരുത്തക്കേടുകൾ പുറത്തായി. ഷെറിന്റെ വഴിവിട്ട ബന്ധങ്ങളും പ്രണയവും പകയും ഒത്തുചേർന്നപ്പോൾ ഷെറിന്റെ പേരിലെഴുതിയ ധനനനിശ്ചയാധാരം കാരണവര്‍ റദ്ദാക്കി. ഇതാണ് കൊലക്ക് പ്രേരണ.
ഷെറിൻ ആയിരുന്നു കേസിലെ ഒന്നാംപ്രതി. ഷെറിനും ആൺസുഹൃത്തും ചേർന്ന് കാരണവരെ കൊലപ്പെടുത്തുകയായിരുന്നു. ഓർക്കൂട്ടും മൊബൈലും വഴി ഷെറിന്റെ സൗഹൃദ വഴിയെത്തിയ സന്ദർശകനായിരുന്നു കേസിലെ രണ്ടാംപ്രതിയായ ബാസിത് അലി. മറ്റു രണ്ടുപ്രതികളും സുഹൃത്തുക്കളുമായ ഷാനുറഷീദ്, നിഥിൻ എന്നിവർക്കൊപ്പമെത്തിയാണ് കാരണവരെ വധിക്കുന്നത്. ഇതിൽനിന്നും ഷെറിന്റെ ക്രൂര മനോഭാവം പൂർണമായും മനസിലാവുന്നതാണ്.
ഷെറിന് തന്റെ പതിനാലു വർഷത്തെ ജയിൽ ജീവിത കാലയളവിൽ ഏതാണ്ട് 354 ഓളം പരോളുകൾ ലഭിച്ചു എന്നാണ് ജയിൽ രേഖകൾ പറയുന്നത്. 14 വർഷത്തെ ജയിൽ ജീവിതത്തിൽ ഇവർ നല്ല നടപ്പ് നടന്നില്ല എന്ന് മാത്രമല്ല ജയിലിലെ സ്ഥിരം പ്രശ്നക്കാരിയും ആയിരുന്നു എന്നും ജയിൽ രേഖകൾ പറയുന്നു. കൂടാതെ അവർക്ക് യാതൊരു വിധത്തിലുള്ള മാനസാന്തരവും ഇതുവരെ വന്നിട്ടില്ല. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാരിന്റെ പ്രതിയെ ജയിൽ മോചിതയാക്കുന്നത്? മന്ത്രിസഭയുടെ ഭരണ തലത്തിൽ തന്നെ സ്വാധീനം ചെലുത്തിയത് ആരാണ്? ഷെറിനെ കൂടാതെ സർക്കാരിനെ സ്വാധിനിക്കാൻ പോലും കേസിൽ താത്പര്യമുള്ളവർ പുറത്ത് ഉണ്ടെന്നല്ലേ അതിന് അർത്ഥം.
ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് 20 വർഷത്തെ ശിക്ഷയും അനുഭവിച്ച 240 ഓളം പ്രതികളുടെ വിവിധ വിടുതൽ അപേക്ഷകൾ സർക്കാരിന്റെ പരിഗണനയിൽ കാലങ്ങളായി തീരുമാനമെടുക്കാതെ കിടക്കുമ്പോൾ കൃത്യം പതിനാലാമത്തെ വർഷം ഷെറിൻ എങ്ങനെ പുറത്തു ചാടി എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

Leave a Reply