കണ്ണൂർ: ആത്മകഥയുടെ പ്രസിദ്ധീകരണം തന്റെ സമ്മതത്തോടെയല്ല എന്ന് ഇ.പി പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും കളവാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. മുൻ എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ ഇ.പി. ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു
സുധാകരൻ. ഡിസി ബുക്സ് മാന്യമായി വിശ്വസ്തതയോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. അതിനാല്‍ അവരെ അവിശ്വസിക്കാൻ അവരെ അറിയുന്ന കേരളത്തിലെ ജനങ്ങള്‍ക്കാർക്കും സാധിക്കില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
ഇ.പി ബിജെപിയിലേക്ക് പോകാനാണ് സാധ്യതയെന്നും സുധാകരൻ പറഞ്ഞു. അദ്ദേഹം ബിജെപി നേതാക്കളെ ഇടയ്ക്കെല്ലാം പോയി കാണുന്നതാണ്. നേതാക്കളെ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
”ഇപിയുടെയും സിപിഎമ്മിന്റെയും വിശദീകരണം തന്നെ യുക്തിസഹമല്ല. രണ്ടും രണ്ടു വഴിക്കാണ്. എല്‍ഡിഎഫ് കണ്‍വീനർ സ്ഥാനത്തു നിന്ന് പുറത്താക്കിയതിലുള്ള പക ഇ.പിക്ക് ഇപ്പോഴും അടങ്ങിയിട്ടില്ല എന്നുള്ളതാണ് യാഥാർഥ്യം. അതിന് പരിഹാരമില്ലാത്തിടത്തോളം കാലം ഇ.പി തൃപ്തനുമാകില്ല, നിശബ്ദനുമാകില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാർഥി അവസരവാദിയാണെന്ന് സിപിഎമ്മിലെ ഒരു നേതാവെങ്കിലും പറഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. അതിന് ഇ.പി ജയരാജനെ ഞാൻ അഭിനന്ദിക്കുകയാണ്,” സുധാകരൻ വ്യക്തമാക്കി.
“കൊടുത്തത് തിരിച്ചുകിട്ടുമെന്ന പഴമൊഴി പോലെ ഇവിടെ പഴയതിനൊക്കെ സിപിഎമ്മിന് തിരിച്ചുകിട്ടുകയാണ്. ചേലക്കരയില്‍ സിപിഎം പ്രവർത്തകരുടെ മനസില്‍ അമർഷവും പ്രതിഷേധവുമാണ്. ഈ ഭരണത്തില്‍ ആർക്കും തൃപ്തിയില്ല. ഇടതുപക്ഷക്കാർക്കു പോലും തൃപ്തിയില്ല. അതിന്റെയെല്ലാം പ്രതിഫലനം ഇത്തവണ ചേലക്കരയിലുണ്ടാകും. 28 വർഷം ഇടതുപക്ഷത്തിന്റെ കൈയിലിരുന്നതാണ് ചേലക്കര”.അത് ഇത്തവണ അവരുടെ കൈയില്‍ നിന്ന് പോവും. അത് അവർക്കുതന്നെ ബോധ്യമുണ്ടെന്നും സുധാകരൻ വ്യക്തമാക്കി.
സരിൻ അവസരവാദ സ്ഥാനാർഥിയാണ്. രണ്ടു ദിവസം മുമ്ബുവരെ സിപിഎമ്മിന്റെ മുഖ്യമന്ത്രിക്കെതിരേ അതിരൂക്ഷമായി വിമർശിച്ച ഒരാളെ പിടിച്ച് സ്ഥാനാർഥിയാക്കി. ചിഹ്നം കൊടുത്തുമില്ല, സ്ഥാനാർഥിയാക്കുകയും ചെയ്തു.
Leave a Reply