ജമ്മു കശ്മീര്‍, ഹരിയാന തെരഞ്ഞെടുപ്പ് ഫലം നാളെ

ജമ്മു കശ്മീര്‍, ഹരിയാന തെരഞ്ഞെടുപ്പ് ഫലം നാളെ

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ ഫലം നാളെ. കഴിഞ്ഞദിവസം പുറത്തുവന്ന എക്സിറ്റ് പോൾ ഫലത്തെ തുടർന്ന് ഹരിയാനയിലും, ജമ്മുവിലും കോണ്‍ഗ്രസ് വലിയ പ്രതീക്ഷയിലാണ്.
രാവിലെ എട്ടിന് ആരംഭിക്കുന്ന വോട്ടെണ്ണല്‍ 10 മണിയോടെ സംസ്ഥാനം ആര്‍ക്കൊപ്പമെന്നതിന്റെ ഏകദേശ ചിത്രം വ്യക്തമാകും.
90 അംഗ നിയമസഭകളിലേക്കാണ് ജമ്മു കശ്മീരിലും ഹരിയാനയിലും വോട്ടെടുപ്പ് നടന്നത്. ഹരിയാനയില്‍ 90 സീറ്റിലേക്ക് 1031 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്. ഇതില്‍ 101 സ്ത്രീകളും ഉള്‍പ്പെടുന്നു.

ലോക് സഭ തെരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഹരിയാന കശ്മീര്‍ ഫലങ്ങള്‍ ബിജെപിക്കും ഇന്ത്യ സഖ്യത്തിനും ഒരു പോലെ നിര്‍ണ്ണായകം. ഒറ്റഘട്ടമായി നടന്ന ഹരിയാന തെരഞ്ഞെടുപ്പില്‍ 67.90 ശതമാനം പോളിംഗും, മൂന്ന് ഘട്ടമായി നടന്ന ജമ്മുകശ്മീര്‍ തെരഞ്ഞടെുപ്പില്‍ 63.45 ശതമാനവും പോളിംഗും രേഖപ്പെടുത്തി.

ഹരിയാനയില് കോണ്‍ഗ്രസ് വലിയ പ്രതീക്ഷയിലാണ്. എക്സിറ്റ് പോള‍് പ്രവചനങ്ങള്‍ വന്നതിന് പിന്നാലെ മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ ഹുഡ ദില്ലിയിലെത്തി എഐസിസി നേതൃത്വത്തെ കണ്ടു.
പത്ത് വര്‍ഷത്തിനിപ്പുറം തെരഞ്ഞടെുപ്പ് നടന്ന കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് കോണ്‍ഗ്രസ് മുന്നേറ്റം പ്രതീക്ഷിക്കപ്പെടുന്നു. ഭൂരിപക്ഷം  എക്സിറ്റ് പോളുകളും ആ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സീറ്റെണ്ണത്തില്‍ കുറവുണ്ടായാല്‍ അത് പരിഹരിക്കാന്‍ സഖ്യത്തിലേക്ക് പിഡിപിയെ നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂക്ക് അബ്ദുള്ള ക്ഷണിച്ചു കഴിഞ്ഞു. തൂക്ക് സഭക്ക് സാധ്യത തെളിഞ്ഞാല്‍ സ്വതന്ത്രന്മാരുടെ നിലപാടും, അഞ്ച് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള ലഫ് ഗവര്‍ണ്ണറുടെ സവിശേഷാധികാരവുമൊക്കെ നിര്‍ണ്ണായക ഘടകങ്ങളാകും.

Leave a Reply

Your email address will not be published.