ഓവര്‍ ഹൈപ്പു വേണ്ട, റൈറ്റ് റ്റു എക്‌സ്പ്രസ് ഉണ്ട്

ഓവര്‍ ഹൈപ്പു വേണ്ട, റൈറ്റ് റ്റു എക്‌സ്പ്രസ് ഉണ്ട്

തിരുവനന്തപുരം: സസ്പെന്‍ഷന്‍ ഉത്തരവ് കൈയില്‍ കിട്ടിയ ശേഷം തുടര്‍ നടപടികളെക്കുറിച്ചു പ്രതികരിക്കാമെന്നു പ്രശാന്ത് ഐഎഎസ്. ഉത്തരവില്‍ എന്താണ് ഉള്ളതെന്നു കാണട്ടെ, അതിനു ശേഷം പ്രതികരിക്കാമെന്ന് പ്രശാന്ത് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.


ജീവിതത്തില്‍ ആദ്യമായി കിട്ടിയ സസ്‌പെന്‍ഷന്‍ ആണിത്. ബോധപൂര്‍വം ചട്ടം ലംഘിച്ചിട്ടില്ല. ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എന്തെങ്കിലും പറഞ്ഞാല്‍ കോര്‍ണര്‍ ചെയ്യുന്നത് ശരിയല്ല. ഉത്തരവ് കയ്യില്‍ കിട്ടിയശേഷം പ്രതികരിക്കാം. ചെന്ന് വാറോല കൈപ്പറ്റട്ടെയെന്നും പ്രശാന്ത് പറഞ്ഞു.
ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ പറയുന്നതില്‍ തെറ്റില്ലെന്നാണ് തന്റെ അഭിപ്രായം.

കേരളത്തെ സംബന്ധിച്ചിടത്തോളം സത്യം ഉറക്കെ പറയുക എന്നതൊക്കെ ആക്ടിവിസമോ, പൊളിറ്റിക്‌സോ ലക്ഷ്യമുണ്ടെങ്കില്‍ മാത്രമാണെന്നാണ് ധാരണ. സത്യം പറയാന്‍ പ്രത്യേക സാഹചര്യമൊന്നും വേണ്ട. പ്രത്യേക അജണ്ട വെക്കേണ്ട കാര്യമുണ്ടോ. അതിനെയൊന്നും ഓവര്‍ ഹൈപ്പു ചെയ്യരുത്. കേരളത്തിലെ പൊളിറ്റിക്‌സ് എനിക്ക് പറ്റിയതാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോയെന്നും പ്രശാന്ത് ഐഎഎസ് മാധ്യമങ്ങളോട് ചോദിച്ചു.

മാടമ്പള്ളിയിലെ ചിത്തരോഗി എന്നത് ഭാഷാപ്രയോഗമാണ്. അഭിപ്രായ സ്വാതന്ത്ര്യം എന്നത് റൈറ്റ് റ്റു എക്‌സ്പ്രസ് ആണ്. എല്ലാരെയും സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല. സര്‍ക്കാരിനെയും സര്‍ക്കാര്‍ നയങ്ങളെയും വിമര്‍ശിക്കരുതെന്നാണ് ചട്ടത്തില്‍ പറയുന്നതെന്നും പ്രശാന്ത് പറഞ്ഞു.

കുറേക്കാലം സ്‌കൂളിലും കോളജിലും പഠിച്ചു. അഞ്ചു കൊല്ലം ലോ കോളജിലും പഠിച്ചിട്ടും അവിടെ നിന്നൊന്നും സസ്‌പെന്‍ഷന്‍ കിട്ടിയിട്ടില്ല. അതൊന്നു കൈപ്പറ്റട്ടെ. എന്താണെന്ന് നോക്കട്ടെ. എനിക്ക് കേട്ടുകേള്‍വി മാത്രമേയുള്ളൂ, അതിനകത്ത് എന്താണെന്ന് അറിയില്ല. ഡോക്യുമെന്റ് കിട്ടിയിട്ട് നോക്കിയിട്ട് ന്യായമായത് പറയാം.

Leave a Reply

Your email address will not be published.