10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

ഝാൻസി: ഉത്തർപ്രദേശിലെ ഝാൻസി ജില്ലയിൽ  ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം. മെഡിക്കൽ കോളജിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. പൊള്ളലേറ്റ 16 കുഞ്ഞുങ്ങളുടെ നില ​ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രഥമിക നി​ഗമനം. സർക്കാർ മരിച്ചവരുടെ മാതാപിതാക്കൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച രാത്രി 10.35 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടായ സമയം തീവ്ര പരിചരണ വിഭാഗത്തിൽ അൻപതോളം നവജാത ശിശുക്കളാണ് ഉണ്ടായിരുന്നത്. ഇതിൽ 37 കുട്ടികളെ സുരക്ഷിതമായി രക്ഷപ്പെടുത്തി. മെഡിക്കൽ കോളജിൽനിന്ന് രോഗികളെ ഒഴിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ചേർന്ന് ജനലുകൾ തകർത്ത് രോഗികളെ രക്ഷിക്കുന്നതാണ് വിഡിയോയിലുള്ളത്.

പരുക്കേറ്റ കുഞ്ഞുങ്ങൾക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകി. സംഭവത്തെ കുറിച്ച് 12 മണക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ത്സാൻസി ഡിവിഷണൽ കമ്മിഷണർ, മേഖലാ ഡെപ്യൂട്ടി ഐജി എന്നിവർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. തീപിടിത്തത്തിൻ്റെ കാരണം അന്വേഷിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.