ഡബിള്‍ മീനിങ്ങില്ല എന്ന് എങ്ങനെ പറയാനാകും?

ഡബിള്‍ മീനിങ്ങില്ല എന്ന് എങ്ങനെ പറയാനാകും?

കൊച്ചി: എന്തിനാണ് ഈ മനുഷ്യന്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് ഹൈക്കോടതി. നടി ഹണിറോസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ ജാമ്യഹര്‍ജി പരിഗണിക്കവെ ബോബി ചെമ്മണൂരിന് കോടതിയുടെ രൂക്ഷ വിമര്‍ശനം. ദ്വയാര്‍ത്ഥം അല്ലാതെ ബോബി പറഞ്ഞതെന്താണ്?. ഡബിള്‍ മീനിങ് ഇല്ല എന്ന് എങ്ങനെ പറയാനാകുമെന്ന് പ്രതിഭാഗത്തോട് കോടതി ചോദിച്ചു. ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ ബെഞ്ചാണ് ബോബിയുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. ജാമ്യ ഉത്തരവ് ഉച്ചകഴിഞ്ഞ് 3.30 ന് പുറപ്പെടുവിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വ്യാഴാഴ്ച മുതല്‍ ബോബി ചെമ്മണൂര്‍ കാക്കനാട് ജില്ലാ ജയിലിലാണ്.

ജാമ്യഹര്‍ജിയിലെ ചില പരാമര്‍ശങ്ങള്‍ നടിയെ വീണ്ടും അപമാനിക്കുന്നതല്ലേ?. വീഡിയോ പരിശോധിച്ച കോടതി, അത് ലോകം വീണ്ടും കേള്‍ക്കട്ടെയെന്ന് അഭിപ്രായപ്പെട്ടു. സെലിബ്രിറ്റി സ്റ്റാറ്റസ് ഉണ്ടെന്ന് സ്വയം കരുതുന്നയാള്‍ എന്തിനാണ് ഇങ്ങനെയൊക്കെ പെരുമാറുന്നത് എന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ ആരാഞ്ഞു. മോശം പരാമര്‍ശം നടത്തുന്നതിന്റെ പ്രത്യാഘാതം ജനം മനസ്സിലാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

കടയുടെ ഉദ്ഘാടന സമയത്ത് ബോബി ചെമ്മണൂര്‍ ദ്വയാര്‍ത്ഥ പ്രയോഗം നടത്തുമ്പോഴും നടി വളരെ മാന്യമായാണ് പെരുമാറുന്നത്. അത് അവരുടെ മാന്യതയാണ് പ്രകടമാക്കുന്നത്. ആ സമയത്ത് അവര്‍ പ്രതികരിക്കാതിരുന്നത് അവരുടെ മാന്യതയായി കണക്കാക്കണമെന്ന് കോടതി നിരീക്ഷിച്ചു


എന്തിനാണ് ബോബിയുടെ കസ്റ്റഡി തുടരാന്‍ ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചു. ആറു ദിവസമായി ബോബി ചെമ്മണൂര്‍ ജയിലിലാണ്. സമൂഹത്തിന് ഇപ്പോഴേ വ്യക്തമായ സന്ദേശം ലഭിച്ചിട്ടില്ലേയെന്ന് കോടതി ചോദിച്ചു. എന്തിനുവേണ്ടിയാണ് ഈ മനുഷ്യന്‍ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നും കോടതി ചോദിച്ചു. ബോബിക്ക് ജാമ്യം നല്‍കുകയാണെങ്കില്‍ കര്‍ശന വ്യവസ്ഥകള്‍ വേണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

കുന്തീദേവി പരാമര്‍ശം തെറ്റായ ഉദ്ദേശത്തോടെയാണ്. പൊതുപരിപാടിയ്ക്കിടെ അനുവാദമില്ലാതെ നടിയെ ശരീരത്തില്‍ കടന്നുപിടിച്ചു. പരാതിക്കാരിയെ പിന്നാലെ നടന്ന് അപമാനിച്ചു. പ്രതി കുറ്റകൃത്യം ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ജാമ്യം നല്‍കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദശമാകും നല്‍കുകയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

നടിയോട് ബോബി ചെമ്മണൂര്‍ മോശമായി പെരുമാറിയിട്ടില്ലെന്ന് പ്രതിഭാഗം പറഞ്ഞു. ആരോപിച്ചിട്ടുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ല. മജിസ്‌ട്രേറ്റ് കോടതി രേഖകള്‍ കൃത്യമായി പരിശോധിച്ചില്ലെന്നും പ്രതിഭാഗം അഭിപ്രായപ്പെട്ടു. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ബോബി ചെമ്മണൂര്‍ വെള്ളിയാഴ്ച ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published.