ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിയാനയിൽ ട്വിസ്റ്റുകളുടെ തേരോട്ടം. എക്സിറ് പോൾ ഫലത്തെ തിരുത്തി ബിജെപിക്ക് ഹാട്രിക്ക് വിജയം. ആദ്യ 2 മണിക്കൂറിൽ കോൺഗ്രസിന്റെ കുതിച്ചു കയറ്റം വിജയത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിചെങ്കിലും അവസാന ലാപ്പിൽ ബിജെപി വൻ മുന്നേറ്റം നടത്തി.
സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം വട്ടമാണ് ബിജെപി അധികാരം നേടുന്നത്. 90 അംഗ നിയമസഭയില്‍ 50 ലേറെ സീറ്റുമായിട്ടാണ് ബിജെപി ഹാട്രിക് നേട്ടത്തിലേക്കെത്തുന്നത്. കോണ്‍ഗ്രസിന് 36 സീറ്റിലാണ് ലീഡ്.
വോട്ടെണ്ണലിന്റെ ആദ്യ 2 മണിക്കൂറിൽ വ്യക്തമായ ലീഡ് പുലര്‍ത്തിയിരുന്ന കോണ്‍ഗ്രസിന്റെ ലീഡ് രണ്ടാം മണിക്കൂറില്‍ കുത്തനെ കുറഞ്ഞു. എഐസിസി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ ആഘോഷം തുടരുന്നതിനിടെയാണ് ലീഡ് മാറി മറിഞ്ഞത്. ഇതോടെ ആഘോഷം നിര്‍ത്തിവയ്ക്കാന്‍ പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചു.
ഹരിയാനയിലെ ഗ്രാമീണ മേഖലയിലെ മുന്നേറ്റം കോണ്‍ഗ്രസിന് നഗരമേഖലയില്‍ തുടരാനായില്ല. ജാട്ട് മേഖലയിലെ സ്വാധീനം അരക്കിട്ടുറപ്പിച്ചാണ് ബിജെപി മൂന്നാംവട്ടവും അധികാരം ഉറപ്പാക്കിയത്.
മുഖ്യമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ നായബ് സിങ് സൈനി ലാഡ് വ മണ്ഡലത്തില്‍ 36,613 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ജുലാന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ഗുസ്തി താരവുമായ വിനേഷ് ഫോഗട്ട് തകര്‍പ്പന്‍ ജയം നേടി. രാഷ്ട്രീയ ഗോദയിലെ കന്നി മത്സരത്തില്‍ ബിജെപിയുടെ യോഗേഷ് കുമാറിനെ 6015 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഫോഗട്ട് പരാജയപ്പെടുത്തിയത്.
ബിജെപിയുടെ മികച്ച വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. ഡല്‍ഹി പാര്‍ട്ടി ആസ്ഥാനത്ത് രാത്രി ഏഴു മണിക്കാണ് നരേന്ദ്രമോദി പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുക. ഹരിയാനയിലെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം പാര്‍ട്ടി ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കളായ സുധാംശു ത്രിവേദി, അനില്‍ ബലൗനി, അരുണ്‍ സിങ് തുടങ്ങിയവര്‍ യോഗം ചേര്‍ന്ന് വിലയിരുത്തി. മികച്ച വിജയത്തിന്റെ അടിസ്ഥാനത്തില്‍ നിലവിലെ മുഖ്യമന്ത്രി നായബ് സിങ് സൈനി തന്നെ മുഖ്യമന്ത്രി പദത്തില്‍ തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
Leave a Reply