തിരുവനന്തപുരം: ഭയപ്പെടുത്താൻ നോക്കേണ്ടെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കാലാവധി കഴിഞ്ഞ ആരിഫ് മുഹമ്മദ് ഖാൻ കെയർ ടേക്കർ മാത്രമാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി.
ഗവർണർ പറയുന്ന കാര്യങ്ങൾക്ക് അടിസ്ഥാനമില്ലെന്നു പറഞ്ഞ അദ്ദേഹം വിലകുറഞ്ഞ രീതിയാണ് ഗവർണർ സ്വീകരിച്ചിരിക്കുന്നതെന്നും കുറ്റപ്പെടുത്തി.
ഗവർണർ പറയുന്ന പദാനുപദത്തിന് മറുപടി പറയേണ്ട കാര്യമില്ല. അദ്ദേഹം ഇതിനേക്കാൾ വലിയ വെല്ലുവിളി ഇതിനു മുൻപും കേരളത്തിലെ ജനങ്ങളോട് നടത്തിയിട്ടുണ്ട്. അതുപോലുള്ള വെല്ലുവിളിയായി മാത്രം ഇതിനെ കണ്ടാൽ മതി. ഭരണഘടനാപരമായി പ്രവർത്തിക്കുന്ന ഉത്തരവാദിത്തമുള്ള ആളാണ് ഗവർണർ. ആ ഉത്തരവാദിത്തം പലപ്പോഴും നിർവഹിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്നും എം.വി.ഗോവിന്ദൻ.
ഗവർണർ നിലപാട് കടുപ്പിക്കുകയാണെങ്കിൽ മുഖ്യമന്ത്രി വാർത്താസമ്മേളനം വിളിച്ച് മറുപടി നൽകുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് താൻ മറുപടി നൽകിയില്ലേ എന്നായിരുന്നു ഉത്തരം.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട മലപ്പുറം പരാമർശത്തിൽ ഗവർണറും മുഖ്യമന്ത്രിയും കൊമ്പുകോർത്തിരിക്കുന്ന സാഹചര്യത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.
Leave a Reply