‘നവംബർ 1 മുതൽ 19വരെ എയർ ഇന്ത്യാ വിമാനങ്ങളിൽ യാത്ര ചെയ്യരുത് ‘

‘നവംബർ 1 മുതൽ 19വരെ എയർ ഇന്ത്യാ വിമാനങ്ങളിൽ യാത്ര ചെയ്യരുത് ‘


ന്യൂഡൽഹി: എയർ ഇന്ത്യ വിമാനങ്ങൾ ആക്രമിക്കുമെന്ന് ഭീഷണിയുമായി ഖലിസ്ഥാൻ വിഘടനവാദി നേതാവ്‌ ഗുർപത്‌വന്ത്‌ സിങ്‌ പന്നു.  നവംബർ ഒന്നു മുതൽ 19 വരെ എയർ ഇന്ത്യാ വിമാനങ്ങളിൽ യാത്ര ചെയ്യരുതെന്നാണ് മുന്നറിയിപ്പ്. സിഖ് വംശഹത്യയുടെ 40ാം വാർഷികത്തോടനുബന്ധിച്ച് എയർ ഇന്ത്യ വിമാനത്തിന് നേരെ ആക്രമണം ഉണ്ടായേക്കുമെന്നാണ് ഭീഷണി. കഴിഞ്ഞ വർഷവും പന്നു സമാനമായ രീതിയിൽ ഭീഷണി സന്ദേശം പുറത്തിറക്കിയിരുന്നു.

വ്യോമയാന മേഖലയെ ഭീതിയിലാഴ്‌ത്തി വ്യാജ ബോംബ്‌ ഭീഷണികൾ നിലയ്‌ക്കാതെ തുടരുന്ന സാഹചര്യത്തിലാണ് പുതിയ ഭീഷണി. ഒരാഴ്‌ചയ്‌ക്കിടെ എത്തിയ നൂറോളം ഭീഷണികളിൽ യാത്രക്കാരും വിമാനത്താവള അധികൃതരും വിമാനക്കമ്പനികളും വലഞ്ഞു. ഞായറാഴ്‌ച മാത്രം ഇരുപതിലേറെ ആഭ്യന്തര– അന്താരാഷ്‌ട്ര വിമാന സർവീസുകൾക്ക്‌ ഭീഷണി സന്ദേശമെത്തി.  

വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി വര്‍ധിച്ച സാഹചര്യത്തില്‍ വിമാനങ്ങളിലെ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം ഇരട്ടിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. രഹസ്യാന്വേഷണ ഏജന്‍സികളുടെ നിര്‍ദേശവും വര്‍ധിച്ചു വരുന്ന ഭീഷണികളുടേയും പശ്ചാത്തലത്തിലാണ്, രാജ്യത്തെ വിമാനത്താവളങ്ങളില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങളില്‍ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

ഭീകരവിരുദ്ധ, തട്ടിക്കൊണ്ടുപോകല്‍ ചെറുക്കാന്‍ വൈദഗ്ദ്ധ്യമുള്ള നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ ഒരു യൂണിറ്റിനെയാകും എയര്‍ മാര്‍ഷലുകളായി അന്താരാഷ്ട്ര റൂട്ടുകളിലും, സുരക്ഷാ ഭീഷണിയുള്ള സെന്‍സിറ്റീവായ ആഭ്യന്തര റൂട്ടുകളിലും വിന്യസിക്കുക. യാത്രാ വിമാനങ്ങളില്‍, സാധാരണ വേഷം ധരിച്ച, തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ധരിച്ച സുരക്ഷാ ഉദ്യോഗസ്ഥരാണ് സ്‌കൈ മാര്‍ഷലുകള്‍.

1999-ല്‍ എയര്‍ ഇന്ത്യവിമാനം കാണ്ഡഹാറില്‍ ഹൈജാക്ക് ചെയ്തതിന് ശേഷമാണ്, ഭാവിയില്‍ ഹൈജാക്ക് തടയുക ലക്ഷ്യമിട്ട് ഇന്ത്യയില്‍ സ്‌കൈ മാര്‍ഷലുകളെ വിന്യസിക്കാന്‍ തുടങ്ങിയത്.

Leave a Reply

Your email address will not be published.