വാഷിങ്ടണ്‍: ഗാസയില്‍ നിന്നും ഇസ്രയേല്‍ പിന്‍വാങ്ങുന്നതിന്റെ സൂചനയുമായി ജോ ബൈഡന്. വെടിനിര്‍ത്തലും ബന്ധിമോചന കരാറും ഉടന്‍ നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ദോഹയില്‍ രണ്ട് ദിവസമായി നടന്ന മധ്യസ്ഥ ചര്‍ച്ചകള്‍ക്കുശേഷമാണ് ജോ ബൈഡന്റെ പ്രതികരണം. മധ്യസ്ഥ ചര്‍ച്ചകള്‍ അടുത്തയാഴ്ച ഈജിപ്തിലെ കെയ്റോയില്‍ നടക്കും. കരാര്‍ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ തിങ്കളാഴ്ച ഇസ്രയേലില്‍ എത്തുന്നുണ്ട്. പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹുവുമായി ചര്‍ച്ച നടത്തും. യുഎസ്, ഖത്തര്‍, ഈജിപ്ത്, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് ചര്‍ച്ച.
കഴിഞ്ഞ മെയ് അവസാനം ബൈഡന്റെ നേതൃത്വത്തില്‍ രൂപം നല്കിയ കരാറിനോടുള്ള പ്രതികരണം ജൂലൈയില്‍ അറിയിച്ചിരുന്നുവെന്നും ആ ചട്ടക്കൂടില്‍നിന്നുള്ള ചര്‍ച്ചകള്‍ക്കേ തയ്യാറുള്ളുവെന്നും ഹമാസ് പ്രതികരിച്ചു. ചര്‍ച്ചകള്‍ തടസ്സപ്പെടുത്തുന്നതും പുതിയ നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കുന്നതും ഇസ്രയേലാണെന്നും ഹമാസ് ആരോപിച്ചു. സന്ധി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയും ഇസ്രയേല്‍ ആക്രമണവും രൂക്ഷമായി തുടരുകയാണ്. 69 പേര്‍കൂടി കൊല്ലപ്പെട്ടതോടെ ഒക്ടോബര്‍ ഏഴിനുശേഷം ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 40,074 ആയി.
Leave a Reply