കളക്ടറുടെ സ്നേഹസമ്മാനമായി വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പഠന യാത്ര

കളക്ടറുടെ സ്നേഹസമ്മാനമായി വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പഠന യാത്ര

മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ സ്നേഹ സമ്മാനമായി വളാഞ്ചേരി ജി.എം.എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പഠന യാത്ര. കളക്ടറുടെ അതിഥികളായി വിദ്യാര്‍ഥികള്‍ മലപ്പുറം കളക്ടറേറ്റും കോട്ടക്കുന്നും സന്ദര്‍ശിച്ചു. കളക്ടറുടെ നിർദ്ദേശപ്രകാരം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ഏർപ്പാടാക്കിയ എ.സി ബസ്സില്‍ പ്രധാനാധ്യാപകൻ പി രാമകൃഷ്ണന്റെ നേതൃത്വത്തിലാണ് കുട്ടികള്‍ മലപ്പുറത്തെത്തിയത്.
സ്നേഹപൂർവ്വം കുട്ടികളെ സ്വീകരിച്ച ജില്ലാ കളക്ടർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അവരുമായി ഏറെ നേരം സംവദിച്ചു. കളക്ടർ കുട്ടികളുടെ ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകുകയും പഠനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളോട് സംസാരിക്കുകയും ചെയ്തു.
വളാഞ്ചേരി ജി.എം.എൽ.പി സ്കൂൾ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി കുട്ടികൾ കുറവുള്ള അൺ ഇക്കണോമിക് സ്കൂൾ ആയിരുന്നതും കഠിന പ്രവർത്തനത്തിലൂടെ ഈ വർഷം അറുപതിൽ അധികം കുട്ടികൾ പഠിക്കുന്ന ഇക്കണോമിക് സ്കൂൾ ആയിമാറിയ കാര്യവും കുട്ടികളും അധ്യാപകരും കളക്ടറെ ധരിപ്പിച്ചു. മലപ്പുറം ജില്ലയിൽ തന്നെ ‘ മക്കൾക്കൊരു വിഭവം ‘ എന്ന പേരിൽ ഉച്ചഭക്ഷണത്തിനൊപ്പം എന്നും അധിക വിഭവങ്ങൾ നൽകുന്ന പദ്ധതി യാതൊരു മുടക്കവുമില്ലാതെ മുന്നോട്ടു പോവുന്ന സന്തോഷവും കുട്ടികൾ പങ്കുവെച്ചു.
ജില്ലാ ഭരണകൂടം നടപ്പിലാക്കിയ ‘നെല്ലിക്ക’ എന്ന ബോധവത്ക്കരണ പദ്ധതിയെ അനുസ്മരിച്ച് കുട്ടികൾ കളക്ടർക്ക് നെല്ലിമരം സമ്മാനിച്ചു. ഒപ്പം ഒരു തേന്മാവിൻ തൈയും കുട്ടികള്‍ സമ്മാനിച്ചു.
തുടർന്ന് കോട്ടക്കുന്ന് ലളിത കലാ ആർട്ട്‌ ഗാലറിയിൽ നാടൻ പാട്ട് കലാകാരൻ തവനൂർ മണികണ്ഠൻ അവതരിപ്പിച്ച നാടൻ പാട്ടുകൾ കുട്ടികൾ ആസ്വദിച്ചു. ഡി.ടി.പി.സി അമ്യൂസ്മെന്റ് പാർക്കിൽ കുട്ടികൾക്ക് സൗജന്യ പ്രവേശനവും അനുവദിച്ചിരുന്നു.

Leave a Reply

Your email address will not be published.