പകൽ സമയത്തും വന്യമൃഗങ്ങൾ : ഫോറസ്റ്റ് വകുപ്പിന് നിസംഗ
രവിമേലൂർ
കാലടിപ്ലാൻ്റേഷൻ : പകൽ സമയങ്ങളിൽ പോലും റോഡിലും പി സി കെ എസ്റ്റേറ്റ് ഏരിയായിലും ഇറങ്ങുന്ന വന്യമൃഗങ്ങളെ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്ന തിനു പകരം എസ്റ്റേറ്റിലെ ക്വോർട്ടേഷ്സുകളിൽ താമസിക്കുന്ന തൊഴിലാളികളുടെ സ്വതന്ത്ര ജീവിതത്തെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ചില തീരുമാനങ്ങൾ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥരും പി സി കെ മാനേജ്മെൻ്റും ഏകപക്ഷീയമായി കൈക്കൊണ്ടതിൽ കാലടി പ്ലാൻ്റേഷൻ തൊഴിലാളി യൂണിയൻ ഐ എൻ ടി യു സി യുടെ 20.9.2024 ൽ കൂടിയ കൗൺസിൽ യോഗം പ്രതിഷേധിച്ചു. തൊഴിലാളികളെ ബാധിക്കുന്ന ഏകപക്ഷിയ തീരുമാനങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം അടിയന്തിരമായി വിളിച്ച് ചേർക്കണമെന്ന് ആവശ്യപ്പെട്ട് മാനേജ്മെൻ്റിന് കത്ത് നൽകുവാനും യോഗം തീരുമാനിച്ചു. തോട്ടത്തിലെ തൊഴിലാളികളിൽ ഭൂരിഭാഗം പേർക്കും മാനേജ്മെൻ്റ് തിരിച്ചറിയൽ കാർഡ് നൽകിയിട്ടില്ല. തൊഴിലാളികളുടെ വാഹനത്തിൽ പ്രത്യേകസ്റ്റിക്കർ പതിപ്പിച്ച് എസ്റ്റേറ്റിലേക്ക് വാഹനം പ്രവേശിപ്പിക്കുന്നത് പ്രായോഗികമല്ല.

പ്ലാൻ്റേഷൻ ഹോസ്പിറ്റലിൽ കിടത്തി ചികിത്സയും, ആംബുലൻസ് സൗകര്യവും നിലവിൽ ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ടിവരും. മാത്രമല്ല പുറത്ത് നിന്ന് ആളുകളെ കൊണ്ട് വരാൻ കഴിയാത്തതിനാൽ ലയങ്ങളിൽ താമസിക്കുന്നവരുടെ ബന്ധുമിത്രാദികൾക്ക് അത്യാവശ്യകാര്യങ്ങൾക്ക് വന്ന് പോകുന്നതിനു പോലും തടസ്സം നേരിടും. നേരത്തെ ഇതുപോലെ വന്യമൃഗ ശല്യം രൂക്ഷമായപ്പോൾ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥരും പി സി കെ മാനേജ്മെൻ്റും അംഗീകൃത ട്രേഡ് യൂണിയൻ പ്രതിനിധികും പ്ലാൻ്റേഷൻ ഐ ബി യിയിൽ കൂടി എടുത്ത പവ്വർ ഫെൻസിംഗ് സ്ഥാപിക്കൽ, പട്രോളിംഗ് ശക്തിപ്പെടുത്തൽ, അലർട്ട് മെസ്സേജ് തുടങ്ങി അന്നെടുത്ത തീരുമാനങ്ങൾ കൃത്യമായി നടപ്പിലാക്കാതെയാണ് ഇപ്പോൾ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റും പി സി കെ മാനേജ്മെൻ്റും ഏകപക്ഷീയമായി തീരുമാനമെടുത്ത് അവ മാധ്യമങ്ങളിലൂടെ തൊഴിലാളികളെ അറിയിച്ചിട്ടുള്ളത്. യോഗത്തിൽ യൂണിയൻ പ്രസിഡൻ്റ് പി.ജെ ജോയി എക്സ് എം എൽ എ അധ്യക്ഷത വഹിച്ചു. ഷൈജോ . പറമ്പി, ലൈജു. ഈരാളി, ജോഷി. പടയാടൻ, പി.ഡി. ജോയി, ഇ.ജി .വർഗ്ഗീസ്, പി.പി. ജോയി, സുരേഷ്.കെ.ജി, നീബു പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply