2019ലെ പ്രളയം: ദുരിതാശ്വാസ തുക തിരിച്ചുനൽകാൻ നോട്ടീസ്

2019ലെ പ്രളയം: ദുരിതാശ്വാസ തുക തിരിച്ചുനൽകാൻ നോട്ടീസ്

തിരൂരങ്ങാടിയിൽ 125 കുടുംബങ്ങൾക്ക് നോട്ടീസ്

തിരൂരങ്ങാടി: പ്രളയ ദുരിതാശ്വാസമായി ലഭിച്ച തുക അഞ്ചുവർഷങ്ങൾക്കുശേഷം തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ദുരിതബാധിതർക്ക് റവന്യൂവകുപ്പ് നോട്ടീസ് അയച്ചു. തിരൂരങ്ങാടി താലൂക്കിലെ 125 കുടുംബങ്ങൾക്കാണ് ഇത്തരത്തിൽ നോട്ടീസ് അയച്ചിരിക്കുന്നത്. പ്രളയത്തിനുശേഷം അടിയന്തിര സഹായധനമായി ലഭിച്ചതിൽനിന്ന് അധികമായി ലഭിച്ച തുക തിരിച്ചടക്കണമെന്നാണ് ലാൻഡ് റവന്യൂ കമ്മീഷണറുടെ നിർദ്ദേശപ്രകാരം തിരൂരങ്ങാടി തഹസിൽദാർ അയച്ചിരിക്കുന്ന കത്തിൽ പറയുന്നത്. ദുരിതബാധിതരുടെ ബാങ്ക്് അക്കൗണ്ടിലേക്ക് പതിനായിരം രൂപവീതം രണ്ടുതവണയായി ഇരുപതിനായിരം രൂപയുടെ സഹായധനം അനുവദിച്ചിരുന്നു. ഇതിൽ അനർഹമായി ക്രെഡിറ്റ് ചെയ്യപ്പെട്ട പതിനായിരം രൂപയാണ് തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. സാങ്കേതികപ്പിഴവ് മൂലമാണ് അധികപണം അയച്ചതെന്നും കത്തിൽ സൂചിപ്പിക്കുന്നുണ്ട്. കത്ത് ലഭിച്ച് ഏഴുദിവസത്തിനകം പതിനായിരം രൂപ തിരികെ അടച്ച് താലൂക്ക് ഓഫീസിലെത്തി രസീത് കൈപ്പറ്റണമെന്നാണ് നിർദ്ദേശം. തുക തിരികെ അടക്കാത്തപക്ഷം റവന്യൂ റിക്കവറി പ്രകാരം തുക ഈടാക്കുമെന്ന മുന്നറിയിപ്പും തഹസിൽദാർ നൽകിയ കത്തിലുണ്ട്. തിരൂരങ്ങാടി താലൂക്കിലെ നെടുവ വില്ലേജിൽ 35 കുടുംബങ്ങൾക്കും പറപ്പൂർ-28, തിരൂരങ്ങാടി-12, ഒതുക്കുങ്ങൽ-20, നന്നമ്പ്ര-ഒൻപത്, വേങ്ങര-നാല്, ഊരകം-ഏഴ്, എടരിക്കോട്-നാല്, അരിയല്ലൂർ-രണ്ട്, പെരുവള്ളൂർ-ഒന്ന്, മൂന്നിയൂർ-മൂന്ന് എന്നിങ്ങനെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ജില്ലയിൽ മറ്റിടങ്ങളിലും ഇത്തരത്തിൽ നോട്ടീസുകൾ അയച്ചിട്ടുണ്ടെന്നാണ് വിവരം. വിശദവിവരങ്ങൾ പുറത്തുവന്നിട്ടില്ല. പ്രളയം കൂടുതൽ ബാധിച്ച താലൂക്കുകളിൽപ്പെട്ട തിരൂരങ്ങാടിയിലാണ് നൂറിലേറെ കുടുംബങ്ങൾക്ക് പണം തിരികെചോദിച്ച് നോട്ടീസ് അയച്ചിരിക്കുന്നത്.

സാങ്കേതികപ്പിഴവെന്ന് വിശദീകരണം

പ്രളയ ദുരിതാശ്വാസം ബാങ്ക് അക്കൗണ്ടുകൾ വഴി വിതരണം ചെയ്ത സമയത്തുണ്ടായ സാങ്കേതികപ്പിഴവാണ് രണ്ടുതവണ പണം അയക്കുന്നതിനിടയായെതെന്നാണ് റവന്യൂവകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം. രണ്ടുതവണ പണം അയച്ചത് സാങ്കേതിക തകരാർ മൂലമാണെന്നും താലൂക്കിലെ രവന്യൂ വിഭാഗത്തിന്റെ പിഴവല്ലെന്നും തിരൂരങ്ങാടി തഹസിൽദാർ പി.ഒ. സാദിഖ് പ്രതികരിച്ചു.

പണം അയച്ചത് തിരുവനന്തപുരത്തുനിന്നും നേരിട്ട് ദുരിതബാധിതരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ്. ഈ സമയത്താണ് പണം ഇരട്ടിപ്പിച്ച് അയച്ചതെന്നും താലൂക്ക് അധികൃതർ വിശദീകരിക്കുന്നു. അധികമായി പതിനായിരം രൂപ അയച്ചതായി ഓഡിറ്റ് ജനറലിന്റെ പരിശോധനയിൽ കണ്ടെത്തിയതോടെയാണ് പണം തിരികെ അടക്കണമെന്ന നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

സാധാരണക്കാരന് തിരിച്ചടവിൽ പ്രതിസന്ധി

പ്രളയ ദുരിതാശ്വാസമാണെന്ന് കരുതി അഞ്ച് വർഷം മുൻപ് ലഭിച്ച പതിനായിരം രൂപ തിരിച്ചടക്കാൻ പ്രതിസന്ധിയിലായിരിക്കുന്നത് സാധാരണക്കാരാണ്. വീടുകൾക്ക് തകരാറ് സംഭവിച്ചവരും വെള്ളം കയറി ദുരിതത്തിലായവരാണ് അന്ന് പണം സ്വീകരിച്ചിരുന്നത്. ഏഴ് ദിവസത്തിനുള്ളിൽ പണം തിരികെ അടയ്ക്കണമെന്നും അല്ലാത്തപക്ഷം നടപടി നേരിടേണ്ടി വരുമെന്ന അറിയിപ്പും വന്നതോടെ സാധാരണക്കാർ പ്രതിസന്ധിയിലായിട്ടുണ്ട്. 2018ലെ പ്രളയത്തിൽ ദുരിതബാധിതരുടെ അപേക്ഷ സ്വീകരിച്ചാണ് സർക്കാർ തുക നൽകിയിരുന്നത്. 2019ലെ പ്രളയത്തിൽ വില്ലേജ് ഉദ്യോഗസ്ഥർ പരിശോധന നടത്തി ഓൺലൈൻ പോർട്ടലിൽ നേരിട്ട് വിവരങ്ങൾ അപ്ലോഡ് ചെയ്യുന്ന രീതിയുണ്ടായിരുന്നു. ഇങ്ങനെയാണ് നിരവധിയാളുകൾക്ക് ദുരിതാശ്വാസ തുക ലഭിച്ചിരുന്നത്.

നോട്ടീസ് അയച്ചത് പ്രതിഷേധ
സർക്കാർ അനാസ്ഥയിലുണ്ടായ പിഴവ് മൂടിവെയ്ക്കുന്നതിനാണ് സാധാരണക്കാർക്ക് അഞ്ചുവർഷത്തിനുശേഷം പണം തിരിച്ച് ചോദിച്ച് നോട്ടീസ് അയച്ചിരിക്കുന്നതെന്ന് എസ്.ഡി.പി.ഐ തിരൂരങ്ങാടി നിയോജകമണ്ഡലം കമ്മറ്റി കുറ്റപ്പെടുത്തി.

പ്രളയത്തിൽ വീടിന് കേടുപറ്റിയവരും വെള്ളം കയറി ദുരിതമനുഭവിച്ചരും സർക്കാറിൽനിന്നും ലഭിച്ച പണം ഉപയോഗപ്പെടുത്തിയവരാണ്. ഏഴ് ദിവസത്തിനകം പണം തിരികെ അടയ്ക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടി എടുക്കുമെന്ന് പറയുന്നതും സാധാരണക്കാരനോടുള്ള വെല്ലുവിളിയാണ്. സംസ്ഥാനകത്ത് എല്ലായിടത്തും ഇത്തരത്തിൽ പണം തിരികെ ചോദിച്ച് കത്ത് അയക്കുന്നുണ്ടെന്നാണ് വിവരം. അഞ്ച് വർഷം മുൻപ് നടന്ന സാങ്കേതികപ്പിഴവ് ഇത്രയുംകാലം പുറത്തുവന്നില്ലെന്നതിൽ ദുരൂഹതയുണ്ട്. ിൗ കണക്കുകൾവെച്ച് പ്രളയ ബാധിതർക്ക് കോടികൾ വിതരണം ചെയ്‌തെന്ന് പ്രചാരണം നടത്തിയ സർക്കാറാണ് പണം തിരികെ ചോദിച്ചിരിക്കുന്നതെന്നും ജനദ്രോഹ നയങ്ങൾ തുടർക്കഥയാവുകയാണന്നും എസ്.ഡി.പി.ഐ.തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. പ്രസിഡൻ്റ് ഹമീദ് പരപ്പനങ്ങാടി, വൈസ്പ്രസിഡൻ്റ്മാരായ ജാഫർ ചെമ്മാട് ,സുലൈമാൻ കുണ്ടൂർ, സെക്രട്ടറി റിയാസ്, തറയിലൊടി വാസു സംസാരിച്ചു.

Leave a Reply

Your email address will not be published.