തിരുവനന്തപുരം∙ കൊച്ചുവേളിയിൽ പ്ലാസ്റ്റിക് ഗോഡൗണിന് തീപിടിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് പ്രാഥമിക നിഗമനം. പുലർച്ചെ നാലരയോടെയാണ് സംഭവം. 12 യൂണിറ്റ് ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പ്ലാസ്റ്റിക്ക് കുപ്പികൾ വലിയ ചാക്കുകളിൽ നിറച്ച് കൂട്ടിയിട്ടിരിക്കുന്നതിനാൽ ഫയർഫോഴ്സിന് ഉള്ളിലേക്ക് പ്രവേശിക്കാൻ സാധിക്കുന്നില്ല. പ്രദേശത്ത് കനത്ത മഴ പെയ്യുന്നുണ്ട്. സൂര്യ പാക്ക് എന്ന ഗോഡൗണിലാണ് തീപിടിത്തം. നിലവിൽ തീ അണയ്ക്കാനാകാത്ത സാഹചര്യമെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ.
പ്ലാസ്റ്റിക് ഗോഡൗണിൽ എത്തിച്ച് റീസൈക്കിൾ ചെയ്ത് വീണ്ടും പ്ലാസ്റ്റിക് ആക്കുന്ന സ്ഥാപനമാണിത്. കെട്ടിടം പ്രവർത്തിക്കുന്നത് അനധികൃതമായെന്നാണ് വിവരം. സുരക്ഷാ ജീവനക്കാരാണ് തീപിടിത്തം പൊലീസിനെ അറിയിച്ചത്. പൊലീസ് അറിയിച്ചതിനെ തുടർന്നാണ് സംഭവസ്ഥലത്തേക്ക് ഫയർഫോഴ്സെത്തിയത്. മേൽക്കൂര അടക്കം താഴേയ്ക്ക് വീഴാൻ സാധ്യതയുള്ളതിനാൽ ഉള്ളിലേക്ക് കയറാനുള്ള ശ്രമം ഫയർഫോഴ്സ് ആദ്യമേ ഉപേക്ഷിച്ചു. പുറത്തുനിന്നാണ് വെള്ളം കെട്ടിടത്തിലേക്ക് പമ്പ് ചെയ്യുന്നത്. കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക്കുകൾ ഇടിച്ചുനിരത്തി ഉള്ളിലേക്ക് കയറാനുള്ള ശ്രമം ഫയർഫോഴ്സ് നടത്തുകയാണ്. തീ പടരുന്ന പ്രദേശത്തേക്ക് വെള്ളം ശക്തിയായി പമ്പ് ചെയ്യാനാണ് ലക്ഷ്യം. ജനസാന്ദ്രതയുള്ള പ്രദേശത്തേക്ക് തീ ആളി പടരാതിരിക്കാനുള്ള ശ്രമവും ഫയർ ഫോഴ്സ് നടത്തുന്നു.
Leave a Reply