ദുരിതം വിതച്ച് ഫെയ്ഞ്ചല്‍

ദുരിതം വിതച്ച് ഫെയ്ഞ്ചല്‍

ചെന്നൈ: ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിനെ തുടർന്നു തമിഴ്‌നാടിന്റെ കോയമ്പത്തൂർ, നീലഗിരി ഭാഗങ്ങളില്‍ ഇന്നും ശക്തമായ മഴപെയ്യുമെന്ന് മുന്നറിയിപ്പ്.

ഇന്നലെ നിർത്താതെ പെയ്ത മഴയില്‍ രൂക്ഷമായ വെള്ളപ്പൊക്കമാണ് സേലം, കൃഷ്ണഗിരി, ധർമപുരി ജില്ലകള്‍ നേരിടുന്നത്. വിഴുപ്പുറം ജില്ലയില്‍ മഴ കുറഞ്ഞതോടെ വെള്ളക്കെട്ട് കുറഞ്ഞു തുടങ്ങി.ഏഴായിരത്തോളം പേരാണ് ജില്ലയില്‍ ദുരിതാശ്വാസ ക്യാബുകളില്‍ കഴിയുന്നത്. കടലൂരില്‍ മഴ കുറഞ്ഞത് ആശ്വാസമാകുന്നുണ്ട്.

കോയമ്ബത്തൂരിലും നീലഗിരിയിലും ഇന്ന് പരക്കെ മഴ ലഭിക്കും. കർണാടകയുടെ ഓള്‍ഡ് മൈസൂരു മേഖലകളിലും ബെംഗളൂരു-കോലാർ-ചിക്കബല്ലാപുര ജില്ലകളിലും ഇന്ന് കനത്ത മഴക്ക് സാധ്യതയുണ്ട് . ബെംഗളൂരുവില്‍ ഇന്നലെ മുതല്‍ തുടങ്ങിയ മഴ നഗരത്തെ വെള്ളക്കെട്ടിലാക്കി.

ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളില്‍ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മംഗളുരുവില്‍ കടല്‍ പ്രക്ഷുബ്ധമാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട് . ആന്ധ്രാ തീരത്ത് പെയ്ത കനത്തമഴയില്‍ തിരുപ്പതി, നെല്ലൂർ, കടപ്പ, ചിറ്റൂർ എന്നീ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.മേഖലയില്‍ വ്യാപക കൃഷിനാശവും ഉണ്ട്. കനത്ത മഴയെ തുടർന്ന് എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചതായി പുതുച്ചേരി വിദ്യാഭ്യാസ മന്ത്രി എ നമശിവായം അറിയിച്ചു.

കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ ഏഴ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേരാണ് ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലായത്. തിരുവണ്ണാമല ക്ഷേത്രത്തിന്റെ പിന്നിലെ 2668 അടി ഉയരമുള്ള ദീപ പര്‍വതത്തിന്റെ താഴ്വരയിലായിരുന്നു മണ്ണിടിച്ചില്‍. സംഭവസ്ഥലത്തു നിന്നും 50 പേരെ ഒഴിപ്പിച്ചു. ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് അതിശക്തമായ ന്യൂനമര്‍ദ്ദമായി മാറിയതോടെ തിരുവണ്ണാമലൈയില്‍ ഞായറാഴ്ച ഉച്ചമുതല്‍ ശക്തമായ മഴയാണ് റിപ്പോർട്ട് ചെയ്തിരുന്നത്.

അതേസമയം, ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ബാധിച്ച എല്ലാ റേഷൻ കാർഡ് ഉടമകള്‍ക്കും പുതുച്ചേരി സർക്കാർ 5,000 രൂപ വീതം ദുരിതാശ്വാസ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി എൻ രംഗസ്വാമി തിങ്കളാഴ്ച അറിയിച്ചു. ചുഴലിക്കാറ്റിൻ്റെ ഫലമായി വടക്കൻ തമിഴ്‌നാടിൻ്റെയും പുതുച്ചേരിയുടെയും തീരപ്രദേശങ്ങളില്‍ അതിശക്തമായ മഴ ലഭിച്ചു.പുതുച്ചേരിയിലെ ശങ്കരപരണി നദിക്കു സമീപത്തെ എൻആർ നഗറിലെ 200 ഓളം വീടുകളില്‍ വെള്ളം കയറി. ഇന്ത്യൻ സൈന്യവും ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) രക്ഷാപ്രവർത്തനത്തില്‍ സജീവമാണ്.

Leave a Reply

Your email address will not be published.