വീണ്ടും അന്വേഷിക്കും

വീണ്ടും അന്വേഷിക്കും

തിരുവനന്തപുരം: സിപിഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥ വിവാദം പോലീസ് വീണ്ടും അന്വേഷിക്കും. കോട്ടയം എസ്പി സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ട് എഡിജിപി മനോജ് ഏബ്രഹാം തള്ളി. അന്വേഷണ റിപ്പോർട്ടിൽ വ്യക്തതയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് എഡിജിപിയുടെ നടപടി. വീണ്ടും അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ കോട്ടയം എസ്പിക്ക് നിർദേശം നൽകി.

ഇ.പി. ജയരാജന്റെ ഉൾപ്പെടെ മൊഴികളിൽ വ്യക്തതക്കുറവ് ഉണ്ടെന്നാണ് കണ്ടെത്തൽ. ആത്മകഥ ഇ.പി. ജയരാജൻ തന്നെ എഴുതിയതാണോ അല്ലെങ്കിൽ അദ്ദേഹത്തിനു വേണ്ടി മറ്റാരെങ്കിലും എഴുതിയതാണോ എന്ന് റിപ്പോർട്ടിൽ പറയുന്നില്ല. ആത്മകഥ പ്രസിദ്ധീകരിക്കാൻ ധാരണാപത്രം ഉണ്ടായിരുന്നോ, ചോർന്നത് ഡിസിയിൽ നിന്നെങ്കിൽ അതിന് പിന്നിലെ ഉദേശ്യമെന്ത് എന്നീ കാര്യങ്ങളിലും വ്യക്തതയില്ല.

ഡിസി ബുക്സുമായി കരാർ ഉണ്ടാക്കിയില്ലെന്നാണ് ഇപിയുടെ മൊഴി. എന്നാൽ തന്റെ സ്വകാര്യ ശേഖരത്തിലുള്ള ചിത്രങ്ങൾ ഡിസിയുടെ കൈവശം എത്തിയത് എങ്ങനെയെന്ന് വ്യക്തമാക്കിയിട്ടില്ല. ആത്മകഥയുടെ പകർപ്പ് പുറത്ത് പോയതുൾപ്പെടെ എന്തുസംഭവിച്ചുവെന്ന കാര്യത്തിൽ ഡിസിയും വ്യക്തത വരുത്തിയിട്ടില്ല. പരാതിക്കാരനായ ഇപിയുടെ ഉൾപ്പെടെ മൊഴി വീണ്ടും രേഖപ്പെടുത്തേണ്ടിവരും.

ഇ പി ജയരാജന്‍റെ ആത്മകഥാ വിവാദത്തിൽ അന്വേഷണ സംഘം നേരത്തെ രവി ഡി സിയുടെ മൊഴിയെടുത്തിരുന്നു. ഇ പി ജയരാജന്‍റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് കരാറില്ലെങ്കിലും ധാരണ ഉണ്ടായിരുന്നവെന്നായിരുന്നു രവി ഡി സിയുടെ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോയതെന്നുമായിരുന്നു രവി ഡി സി അന്വേഷണ സംഘത്തിന് നൽകിയ മൊഴി.

Leave a Reply

Your email address will not be published.