പി.പി. ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ: 29ന് വിധി പറയും

പി.പി. ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ: 29ന് വിധി പറയും

തലശ്ശേരി: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പ്രസിഡന്റ് പി.പി. ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ഈ മാസം 29ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയും. എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തിരുന്നു. തുടർന്ന് മുൻകൂർ ജാമ്യത്തിനായി ദിവ്യ കോടതിയെ സമീപിക്കുകയായിരുന്നു. പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.ടി.നിസാർ അഹമ്മദാണ് കേസിൽ വാദം കേട്ടത്.

എഡിഎം നവീന്‍ ബാബുവിനെ പിപി ദിവ്യ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം കോടതിയില്‍. പിപി ദിവ്യയും പരാതിക്കാരനായ സംരംഭകന്‍ പ്രശാന്തനും ഒരു കൂട്ടുകെട്ടിന്റെ ഭാഗമാണെന്നും കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ജോണ്‍ എസ് റാള്‍ഫ്‌ കോടതിയില്‍ പറഞ്ഞു. നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെയാണ് പ്രശാന്തന്‍ പരാതി നല്‍കിയത്. ആ പരാതി കെട്ടിച്ചമച്ചതാണെന്നും, അതില്‍ പേരുകളും പദവികളും തെറ്റായി നല്‍കിയെന്നും ഒപ്പുപോലും വ്യത്യസ്തമാണെന്നും കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

എഡിഎം തെറ്റുകാരനല്ല എങ്കില്‍, വിശുദ്ധനാണ് എങ്കില്‍ എഡിഎം എന്തുകൊണ്ട് പ്രസംഗത്തില്‍ ഇടപെട്ടില്ല എന്ന് ദിവ്യ കോടതിയിൽ. എഡിഎമ്മിന് അദ്ദേഹത്തിന്റെ വാദം പറയാമായിരുന്നു. താന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ എഡിഎമ്മിന് തന്നെ വന്നു കാണാമായിരുന്നു. ചടങ്ങില്‍ വീഡിയോ ഗ്രാഫര്‍ വന്നതില്‍ എന്താണ് തെറ്റ്? പൊതുചടങ്ങാണ് നടന്നത്. അതിലേക്ക് പ്രത്യേകം ആരെയും ക്ഷണിക്കേണ്ടതില്ല. കലക്ടര്‍ പറഞ്ഞിട്ടാണ് യോഗത്തിന് എത്തിയതെന്നും, അതിക്രമിച്ച് കടന്നു വന്നതല്ലെന്നും പി പി ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.

മുൻ പഞ്ചായത്ത് പ്രസിഡന്റ് പി പി. ദിവ്യ യോഗത്തിന് എത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന്
പ്രോസിക്യൂഷനു വേണ്ടി ഹാജരായ ഗവണ്‍മെന്റ് പ്ലീഡര്‍ കെ. അജിത് കുമാര്‍ കോടതിയിൽ വാദിച്ചു.
മാധ്യമപ്രവര്‍ത്തകനെ വിളിച്ച് യോഗം റെക്കോര്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങള്‍ ദിവ്യ പിന്നീട് ആവശ്യപ്പെട്ടു. ദിവ്യയുടെ വ്യക്തിഹത്യയാണ് നവീന്‍ബാബുവിന്റെ മരണത്തിന് കാരണമായതെന്നും പ്രോസിക്യൂഷന്‍. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യക്കെതിരെ ഗുരുതര ആരോപണമാണ് പ്രോസിക്യൂഷന്‍ ഉയർത്തിയത്.

Leave a Reply

Your email address will not be published.