കണ്ണൂർ: നവീൻ ബാബു മരണത്തിൽ അറസ്റ്റിലായ പിപി ദിവ്യയെ പ്രത്യേക അന്വേഷണ സംഘം അഞ്ച് മണിക്കൂർ ചോദ്യം ചെയ്തു. രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് ശേഷമാണ് ദിവ്യ മടങ്ങിയത്. ആദ്യ ദിനത്തിൽ മാധ്യമപ്രവർത്തകരെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചുവെങ്കിലും ഇത്തവണ അതുമുണ്ടായില്ല. തലകുനിച്ചാണ് ചോദ്യം ചെയ്യലിനു ശേഷം ക്രൈംബ്രാഞ്ച് ഓഫിസിൽ നിന്നും പിന്നീട് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്നും ദിവ്യ മടങ്ങിയത്.
അഞ്ചു മണിക്കൂർ ചോദ്യം ചെയ്തതിനു ശേഷമാണ് ദിവ്യയെ കണ്ണൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. വെള്ളിയാഴ്ച്ച വൈകുന്നേരം നാലരയോടെ ദിവ്യയെ ജയിലിലേക്ക് മാറ്റി. പതിവിൽ നിന്നും വ്യത്യസ്തമായി ചുരിദാർ അണിഞ്ഞാണ് ദിവ്യ ചോദ്യം ചെയ്യലിന് ജയിലിൽ നിന്നും എത്തിയത്.
കണ്ണൂർ പള്ളിക്കുന്നിലെ വനിതാ ജയിലിലെ റിമാൻഡ് തടവുകാരിയാണ് ദിവ്യ. പൊലിസ് ഹർജി നൽകിയതു പ്രകാരമാണ് പി പി ദിവ്യയെ ഒരു ദിവസത്തേക്ക് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും വിട്ടു നൽകിയത്. വെള്ളിയാഴ്ച്ച രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ചു മണി വരെയായിരുന്നു സമയമെങ്കിലും നാലു മണിയോടെ കോടതിയിൽ ഹാജരാക്കി.
കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫിസിൽ നിന്നും കണ്ണൂർ അസി. പൊലിസ് കമ്മിഷണർ ടി കെ രത്നമകുമാറിൻ്റെ നേതൃത്വത്തിലാണ് അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തത്. നേരത്തെ പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുകയാണ് പി പി ദിവ്യ ചെയ്തതെന്നാണ് വിവരം. താൻ യാത്രയയപ്പ് സമ്മേളനത്തിൽ പങ്കെടുത്തത് കലക്ടർ അരുൺ കെ വിജയൻ ക്ഷണിച്ചിട്ടാണെന്നും എഡിഎമ്മിനെ വ്യക്തിഹത്യ ചെയ്തിട്ടില്ലെന്നും ദിവ്യ പറഞ്ഞു. ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന മുഖ്യമന്ത്രിയുടെ വാചകം സർക്കാർ ഉദ്യോഗസ്ഥനെന്ന നിലയിൽ ഓർമ്മിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്ന് പി പി ദിവ്യ പറഞ്ഞു. എന്നാൽ എഡിഎം ജീവനൊടുക്കുമെന്ന് കരുതിയില്ല. അത്തരമൊരു സാഹചര്യം ഉണ്ടാകുമെന്ന് കരുതിയില്ലെന്നും ദിവ്യ പറഞ്ഞു.
Leave a Reply