പി പി ദിവ്യയുടെ ജാമ്യഹർജിയിൽ വിധി വെള്ളിയാഴ്ച

പി പി ദിവ്യയുടെ ജാമ്യഹർജിയിൽ വിധി വെള്ളിയാഴ്ച

കണ്ണൂർ: എഡിഎം കെ നവീൻബാബു ആത്മഹത്യചെയ്‌ത കേസിൽ റിമാൻഡിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ പി പി ദിവ്യയുടെ ജാമ്യഹർജിയിൽ തലശ്ശേരി സെഷൻസ് കോടതി വെള്ളിയാഴ്ച വിധിപറയും. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന്‌ കഴിഞ്ഞ ചൊവ്വാഴ്‌ചയാണ്‌ ദിവ്യയെ അറസ്‌റ്റുചെയ്‌തത്‌. ജാമ്യാപേക്ഷയെ എതിർത്ത് നവീന്റെ ഭാര്യ മഞ്ജുഷയും ഹർജിയിൽ കക്ഷിചേർന്നിരുന്നു. നിലവിൽ പള്ളിക്കുന്ന് വനിതാ ജയിലിൽ കഴിയുകയാണ് ദിവ്യ.

അന്വേഷണവുമായി ദിവ്യ സഹകരിച്ചെന്നും പൊലീസിൽ കീഴടങ്ങിയെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. പമ്പ് സ്ഥാപിക്കാൻ സംരംഭകനായ പ്രശാന്ത് എഡിഎമ്മിന് കൈക്കൂലി കൊടുത്തെന്ന് ഡിഎംഇയുടെ റിപ്പോർട്ടുണ്ട്. തനിക്ക് തെറ്റുപറ്റിയെന്ന് നവീൻ ബാബു കലക്ടറോട് പറഞ്ഞിരുന്നു. തെറ്റുപറ്റിയെന്ന് പറയുന്നത് പണം വാങ്ങിയതിനു തുല്യമാണെന്നും ദിവ്യയുടെ അഭിഭാഷകൻ വാദിച്ചു. പമ്പിന് അനുമതിപത്രം ലഭിക്കുന്നതിന് എഡിഎമ്മിന് കൈക്കൂലി നൽകിയെന്ന് പ്രശാന്തും പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഈ മൊഴിയാണ് മുഖവിലയ്ക്കെടുക്കേണ്ടത്. എഡിഎമ്മും പ്രശാന്തും തമ്മിൽ കണ്ടതിന് സിസിടിവി ദൃശ്യങ്ങൾ തെളിവായുണ്ടെന്നും അഭിഭാഷകൻ വാദിച്ചു.

ജാമ്യം നൽകിയാൽ പി.പി.ദിവ്യ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. എഡിഎമ്മിനെതിരായ കൈക്കൂലി ആരോപണത്തിൽ തെളിവില്ല. പെട്രോൾ പമ്പിനുള്ള നിരാക്ഷേപ പത്രം എഡിഎം വൈകിച്ചിട്ടില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു. പി.പി.ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ലെന്ന് എഡിഎമ്മിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി. കലക്ടർ അരുൺ കെ.വിജയൻ നവീൻബാബുവുമായി സൗഹൃദമുള്ള ആളല്ല. കലക്ടറോട് നവീൻ ബാബു കുറ്റസമ്മതം നടത്തിയെന്ന ദിവ്യയുടെ വാദം തെറ്റാണ്. കലക്ടർ അവധിപോലും നൽകാത്ത ആളാണ്. മാനസിക ഐക്യം ഇല്ലാത്ത ആളോട് ആരും കുറ്റസമ്മതം നടത്തില്ല. എഡിഎമ്മിന് കൈക്കൂലി കൊടുത്തെങ്കിൽ എന്തുകൊണ്ട് പ്രശാന്തിനെതിരെ നടപടിയെടുത്തില്ലെന്നും കുടുംബത്തിന്റെ അഭിഭാഷകൻ ചോദിച്ചു.

ഒക്ടോബർ 15നാണ് നവീൻബാബുവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. കണൂരിൽ നിന്ന് സ്ഥലംമാറ്റം ലഭിച്ച് ചൊവ്വാഴ്ച പത്തനംതിട്ടയിൽ ചുമതലയേൽക്കാനിരിക്കെയാണ് പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

Leave a Reply

Your email address will not be published.