ഡെൽഹി വിമാനത്താവളത്തിലെ മേൽക്കൂര തകർന്നു വീണു.
അപകടത്തില്‍ നിരവധി കാറുകൾ തകർന്നു. നാല് പേർക്ക് പരിക്കേറ്റു. വിമാനത്താവളത്തിന്റെ ഒന്നാം ടെർമിനലിലായിരുന്നു അപകടം നടന്നത്.
പുലർച്ചെ മുതൽ പെയ്യുന്ന കനത്ത മഴയിലാണ് അപകടമുണ്ടായത്. പുലർച്ചെ 5.30ഓടെയായിരുന്നു അപകടം സംഭവിച്ചത്. വിവരമറിഞ്ഞ ഇടനെ 300ഓളം അഗ്നിശമന സേനായൂണിറ്റുകൾ സംഭവസ്ഥലത്തെത്തി.
അതേസമയം, കടുത്ത ചൂടിന് ആശ്വാസമായി ഡല്‍ഹിയില്‍ ഇന്നലെ മുതൽ മഴയെത്തി. ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുകയാണ്. വരും ദിവസങ്ങളിലും മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.
അതിനിടെ, ദേശീയ തലസ്ഥാന മേഖലയിൽ മഴ പെയ്തതിനെ തുടർന്ന് ഡൽഹിയിലെയും സമീപ പ്രദേശങ്ങളിലെയും നിരവധി പ്രദേശങ്ങളിൽ കനത്ത വെള്ളക്കെട്ടിലായി. പല റോഡുകളിലും വാഹനങ്ങൾ പകുതിയോളം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. പുലർച്ചെയുള്ള യാത്രയും ഏറെ ദുഷ്കരമായിരുന്നു.
ഈ ആഴ്‌ച അവസാനത്തോടെ ഡല്‍ഹിയില്‍ കാലവര്‍ഷം എത്തുമെന്ന് സ്വകാര്യ കാലാവസ്ഥ പ്രവചന ഏജൻസിയായ സ്കൈമെറ്റ് വെതർ സർവീസസ് അറിയിച്ചു. സാധാരണയായി ജൂണ്‍ 27നും 29നും ഇടയിലായാണ് ഡല്‍ഹിയില്‍ കാലവര്‍ഷം എത്തുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 26നാണ് എത്തിയത്. അതേസമയം 2022ല്‍ ജൂണ്‍ 30നാണ് മണ്‍സൂണ്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം, ഇന്നലെ തെക്ക് പടിഞ്ഞാറൻ ഡൽഹിയിലെ വസന്ത് കുഞ്ച് പ്രദേശത്ത് മഴയെ തുടര്‍ന്ന് മതില്‍ തകര്‍ന്നതായി ഡല്‍ഹി പൊലീസ് അറിയിച്ചു. സംഭവത്തില്‍ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.
Leave a Reply