നാഗർകോവില്‍: കൊല്ലം സ്വദേശിനിയായ കോളേജ് അദ്ധ്യാപിക നാഗർകോവിലില്‍ ജീവനൊടുക്കി. പിറവന്തൂർ സ്വദേശിനി ശ്രുതിയാണ്(25) തൂങ്ങിമരിച്ചത്. സ്ത്രീധന പീഡനമാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക് ആണ് ശ്രുതിയുടെ ഭർത്താവ്. ആറ് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. സ്ത്രീധനത്തെച്ചൊല്ലി കാർത്തിക്കിന്റെ മാതാവ് സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍.
ശ്രുതി അമ്മയോട് ഫോണില്‍ സംസാരിക്കുന്നതിന്റെ ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. ‘ഭർത്താവിനൊപ്പം ഇരിക്കാൻ പോലും സമ്മതിക്കുന്നില്ല. അടുത്തിരുന്ന് ഭക്ഷണം കഴിക്കാൻ സമ്മതിക്കില്ല. എച്ചില്‍ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചു. എന്നോട് ക്ഷമിക്കമ്മേ. ആഭരണങ്ങള്‍ അവർ വാങ്ങിവച്ചു. അത് തിരികെ വാങ്ങണം.’- എന്നാണ് ശ്രുതി പറയുന്നത്.
വിവാഹത്തിന് വിവാഹ സമ്മാനമായി കാർത്തികിന്റെ വീട്ടുകാർക്ക് പത്ത് ലക്ഷം രൂപയും 50 പവനും നല്‍കിയതായി ശ്രുതിയുടെ ബന്ധുക്കള്‍ പറയുന്നു.
Leave a Reply