ചാലിയാറിൽ നിന്ന് ഇതുവരെ ലഭിച്ചത് 48 മൃതദേഹങ്ങളും 41 അവശിഷ്ടങ്ങളും

ചാലിയാറിൽ നിന്ന് ഇതുവരെ ലഭിച്ചത് 48 മൃതദേഹങ്ങളും 41 അവശിഷ്ടങ്ങളും

വയനാട് : ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടേതായി മലപ്പുറം ജില്ലയിലെ നിലമ്പൂർ പോത്തുക്കല്ല് ഭാഗത്ത് ചാലിയാർ പുഴയിൽ നിന്ന് ഇതുവരെയായി ആകെ ലഭിച്ചത് 48 മൃതദേഹങ്ങളും 41 അവശിഷ്ടങ്ങളും. 26 പുരുഷന്മാരുടെയും 19 സ്ത്രീകളുടെയും 2 ആൺകുട്ടികളുടെയും സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറിയാത്ത ഒരു വ്യക്തിയുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഇത് കൂടാതെ 41 ശരീര ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്.

ഇന്നലെ (ചൊവ്വ) 32 മൃതദേഹങ്ങളും 25 മൃതദേഹ ഭാഗങ്ങളുമാണ് ലഭിച്ചിരുന്നത്. ഇന്ന് മാത്രം 16 മൃതദേഹങ്ങളും 16 അവശിഷ്ടങ്ങളും ലഭിച്ചു. ഇന്നലെ ലഭിച്ച എല്ലാ മൃതദേഹങ്ങളുടെയും അവശിഷ്ടതളുടെയും പോസ്റ്റ് മോർട്ടം പൂർത്തിയായി. ഇന്ന് 10 എണ്ണം പോസ്റ്റ് മോർട്ടം കഴിഞ്ഞു. ബാക്കി പുരോഗമിക്കുന്നു.

തിരിച്ചറിഞ്ഞ മൂന്ന് മൃതദേഹങ്ങൾ ഇതിനകം ബന്ധുക്കൾ എത്തി കൊണ്ട് പോയി. ബാക്കി മൃതദേഹങ്ങളെല്ലാം വയനാട്ടിലേക്ക് കൊണ്ടു പോകുന്നതിന് നടപടികൾ പുരോഗമിക്കുകയാണ്. 10 മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്ന് വയനാട്ടിലേക്ക് കൊണ്ട് പോയിട്ടുണ്ട്. എല്ലാ മൃതദേഹങ്ങളും ശരീര ഭാഗങ്ങളും മേപ്പാടി സി എച്ച് സി യിലേക്കാണ് മാറ്റുന്നത്. ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ്  മൃതദേഹങ്ങൾ ആംബുലൻസിൽ കയറ്റി തുടങ്ങിയത്.

മൃതദേഹങ്ങൾ ബന്ധുക്കൾക്ക് തിരിച്ചറിയാനുള്ള സൗകര്യം പരിഗണിച്ചാണ് എല്ലാ മൃതദേഹങ്ങളും  ഉടൻ വയനാട്ടിലെത്തിക്കാൻ ജില്ലാഭരണകൂടം തീരുമാനിച്ചത്. പോസ്റ്റ്മോർട്ട നടപടികൾ പൂർത്തീകരിച്ച മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ഫ്രീസറിൽ ആക്കിയാണ് കൊണ്ടു പോകുന്നത്. ഇതിന് ആവശ്യമുള്ള ആംബുലൻസുകൾ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.   ആദ്യഘട്ടത്തിൽ  പത്ത് അംബുലൻസുകൾ ഒന്നിച്ചാണ് വയനാട്ടിലേക്ക് തിരിച്ചത്. ഓരോ അംബുലൻസിലും രണ്ടിൽ കുറയാത്ത സന്നദ്ധ വളണ്ടിയർമാരുമുണ്ട്. പോലീസ് എസ്കോർട്ട് വാഹനവും പൈലറ്റ് വാഹനവും കൂടെ പോകുന്നുണ്ട്. ബാക്കിയുള്ളവയും ഉടൻ കൊണ്ടു പോകും.

Leave a Reply

Your email address will not be published.