കൊല്‍ക്കത്ത: ഒഡീഷയിലെ പുരിക്കും സാഗർ ദ്വീപിനും ഇടയിലായി ദാന ചുഴലിക്കാറ്റ് തീരം തൊട്ടു. പൂർണ്ണമായും ഇന്ന് രാവിലെയോടെയായിരിക്കും ദാന തീരത്തേക്ക് എത്തുക. മണിക്കൂറില്‍ 120 കിലോ മീറ്റർ വരെ വേഗതയില്‍ കാറ്റ് വീശിയടിച്ചേക്കും.
പശ്ചിമബംഗാള്‍, ഓഡീഷ തീരങ്ങളില്‍ ശക്തമായ കാറ്റും മഴയും ഇപ്പോഴും തുടരുകയാണ്. ദാന കൂടുതലായി തീരത്തേക്ക് എത്തുന്നതോടെ കാറ്റും മഴയും ശക്തമായേക്കും.
ചുഴലിക്കാറ്റിനെ നേരിടാന്‍ വലിയ മുന്നൊരുക്കങ്ങളാണ് രണ്ട് സംസ്ഥാനങ്ങളിലുമായി നടന്നത്. ഏകദേശം പത്ത് ലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചു. കൊല്‍ക്കത്ത വിമാനത്താവളം നാളെ രാവിലെ 9 വരെ അടച്ചിടുകയും മൂന്നോറോളം ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് വിലയിരുത്തി. ഓഡീഷ മുഖ്യമന്ത്രിയോട് ഫോണില്‍ സംസാരിച്ച പ്രധാനമന്ത്രി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.
കനത്ത മഴയ തുടരുന്നതിനാല്‍ ഒഡീഷയിലെ 16 ജില്ലകളില്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ ഏത് സാഹചര്യവും നേരിടാൻ തൻ്റെ സർക്കാർ തയ്യാറാണെന്നും നഷ്ടങ്ങള്‍ ലഘൂകരിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി മോഹൻ ചരണ്‍ മാജി വ്യക്തമാക്കി.
സംസ്ഥാനത്തെ എല്ലാ ജില്ലകളുടെയും ദുരന്ത നിവാരണ പ്രവർത്തനങ്ങള്‍ സർക്കാർ വിലയിരുത്തിയതായി ഒഡീഷ ചീഫ് സെക്രട്ടറി മനോജ് അഹൂജയും പറഞ്ഞു. “6 ലക്ഷത്തിലധികം ആളുകളെ ഒഴിപ്പിക്കുകയും ഇവരെയെല്ലാം താല്‍ക്കാലിക ഷെല്‍ട്ടറുകളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. മേഖലയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു, ടെലികമ്മ്യൂണിക്കേഷനും നാളെ വരെ റദ്ദാക്കി. സുരക്ഷാ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍. നിരവധി മുതിർന്ന ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും മുഖ്യമന്ത്രി വിന്യസിച്ചിട്ടുണ്ട്.,” അഹൂജ പറഞ്ഞു.
Leave a Reply