തൃശൂര്‍: ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് കുറഞ്ഞതില്‍ സിപിഎമ്മിന് എന്തിനാണ് ഇത്ര സങ്കടമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സിപിഎമ്മിനും ബിജെപിക്കും ഒരേ നാവും ശബ്ദവുമാണ്. ഇ ശ്രീധരന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിടിച്ച 50,000 വോട്ട് ഇത്തവണ 39000 ആയി. ബിജെപി വോട്ട് ഗണ്യമായി കുറഞ്ഞു. അതില്‍ ബിജെപിക്കാരെക്കാള്‍ സങ്കടം സിപിഎമ്മിനാണ്. അന്ന് ശ്രീധരന് കിട്ടിയ വോട്ടിന്റെ നല്ലൊരു ഭാഗം രാഹുല്‍ മാങ്കൂട്ടത്തിലിന് കിട്ടി. അപ്പോള്‍ ഇ ശ്രീധരന് കിട്ടിയത് എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും വോട്ടായിരുന്നോ? ബിജെപിയുടെ വോട്ടിനേക്കാള്‍ കൂടുതല്‍ വോട്ട് ഇ ശ്രീധരന് പിടിച്ചു. ആ വോട്ടില്‍ ഒരു നല്ല ഭാഗം ഇത്തവണ രാഹുല്‍ തിരിച്ചു പിടിച്ചു. അത് എങ്ങനെയാണ് എസ്ഡിപിഐയുടെ വോട്ടാകുന്നതെന്നും വി ഡി സതീശന് ചോദിച്ചു.
സിപിഎം വോട്ട് വര്‍ധിപ്പിച്ചു എന്നാണ് പറയുന്നത്. ആയിരം വോട്ട് പോലും കൂടിയിട്ടില്ല. 2021 ലെ വോട്ടര്‍ പട്ടികയെക്കാള്‍ 15000 വോട്ടാണ് ഈ വോട്ടര്‍പട്ടികയില്‍ പുതിയതായി ചേര്‍ത്തിരിക്കുന്നത്. അതില്‍ ഏഴായിരത്തോളം വോട്ട് യുഡിഎഫിന് കിട്ടി. മൂവായിരം വോട്ടെങ്കിലും സിപിഎമ്മിന് ലഭിക്കേണ്ടേ? അതും കിട്ടിയില്ല. അതിന്റെ അര്‍ത്ഥം സിപിഎം വോട്ട് 2021നേക്കാള്‍ താഴേയ്ക്ക് പോയി. 18874 വോട്ടിന് ജയിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് കിട്ടിയത് എസ്ഡിപിഐയുടെയും വെല്‍ഫയര്‍ പാര്‍ട്ടിയുടേയും വോട്ടാണെന്നു പറയുന്നത് ജനങ്ങളെ അപമാനിക്കലാണെന്നും വി ഡി സതീശന് കുറ്റപ്പെടുത്തി.
30 വര്‍ഷമായി ജമാഅത്തെ ഇസ്ലാമി സിപിഎമ്മിനൊപ്പമായിരുന്നു. പിണറായി വിജയന് ജമാഅത്തെ ഇസ്ലാമിയുടെ ആസ്ഥാനത്ത് വരെ പോയിട്ടുണ്ട്. എന്നിട്ടാണ് ജമാഅത്തെ ഇസ്ലാമി വര്‍ഗീയവാദികളാണെന്ന് ബിജെപിക്കൊപ്പം നിന്നു കൊണ്ട് സിപിഎം പറയുന്നത്. ഈ പ്രചാരണങ്ങളൊക്കെ പാലക്കാട് തകര്‍ന്നു പോയതാണ്. എന്നിട്ട് വീണ്ടും അതേ നറേറ്റീവുമായി മുന്നോട്ടു പോയാല്‍ 2026 ലും ഈ മഹാദുരന്തം സിപിഎമ്മിനുണ്ടാകുമെന്നും സതീശന് ഓര്‍മ്മിപ്പിച്ചു.
Leave a Reply